We Just Call Him Legend.. നന്ദി അസ്പി

ഫുട്‌ബോളിനെ അധികം വീക്ഷിക്കാത്തവര്‍ക്ക് അസ്പിലിക്യൂറ്റ ആരാണ്? എന്താണ് എന്ന് അറിയാന്‍ സാധ്യതയില്ല. ഒരു അണ്ടര്‍റേറ്റഡ് പ്രതിരോധ താരമാണ് സ്‌പെയിനിന്റെ 33 കാരനായ അസ്പി എന്ന് പറയാം. ഒരു ചെല്‍സി ആരാധകന് 11 വര്‍ഷത്തിന് ശേഷം തങ്ങളുടെ ക്യാപ്റ്റന്‍ ക്ലബ് വിടുമ്പോള്‍ വാക്കുകള്‍ കൊണ്ട് യാത്ര നല്‍ക്കാന്‍ സാധിക്കില്ല. തങ്ങളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര് പൊടിയിച്ചായിരിക്കും ഓരോ ചെല്‍സി ആരാധകനും ക്യാപ്റ്റന്‍ അസ്പിക്ക് യാത്ര നല്‍ക്കുക.

2010 ല്‍ ഫ്രഞ്ച് ക്ലബ് മാര്‍സെയില്‍ നിന്ന് ചെല്‍സിയിലെത്തുമ്പോള്‍ അസ്പി എന്ന താരത്തെ കുറിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്ക് കേട്ടുകേള്‍വിപോലുമില്ലായിരുന്നു. എന്തിനാണ് ഇവിടെ എത്തിയത്, ചെല്‍സിക്കായി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ഒരോരുത്തരും ചിന്തിച്ചിരുന്നു. തുടര്‍ന്ന് അങ്ങോട്ട് 2023 വരെ നീണ്ട 11 വര്‍ഷം. അത് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചു. ബ്രസീല്‍ ഇതിഹാസം തിയാഗോ സില്‍വ കഴിഞ്ഞ വര്‍ഷം അസ്പിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാന്‍ എട്ട് വര്‍ഷം പി.എസ്.ജി.യില്‍ കളിച്ചു. അതായിരിക്കും ഒരു താരത്തിന് ഒരു ക്ലബില്‍ കളിക്കാന്‍ സാധിക്കുന്ന ഏറ്റവും അധികം വര്‍ഷം എന്ന് ഞാന്‍ വിചാരിച്ചു. അസ്പി പത്ത് വര്‍ഷമായിരിക്കുന്നു. ഇത്തരം ഉദാഹരണങ്ങള്‍ നമ്മള്‍ പിന്തുടരേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ ഫലം ലഭിക്കും അസ്പി ഒരു അതുല്യനായ വ്യക്തിയാണ്. അസ്പി അന്റെ സുഹൃത്താണ് എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ ഒരു വാക്കില്‍ നിന്ന് അസ്പി ആരാണ് ചെല്‍സിക്കെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ചെല്‍സിയിലെത്തിയ സമയത്ത് അസ്പിലിക്യൂറ്റ എന്ന പേര് ഉച്ചരിക്കാന്‍ ആരാധകര്‍ പ്രയാസപ്പെട്ടിരുന്നു ക്ലബ്ബ് ആരാധകര്‍ അദ്ദേഹത്തിന് ‘ഡേവ്’ എന്ന വിളിപ്പേര് നല്‍കി. ആരാധകര്‍ അസ്പിക്കായി We Just Call Him Dave എന്ന് ഉച്ചത്തില്‍ പാടി. 11 വര്‍ഷത്തിന് ശേഷം ആ പേര് ഇതിഹാസം എന്നായി മാറി. We Just Call Him Legend. ഇന്നും ചെല്‍സി സ്‌ക്വാഡിലെ യുവ താരങ്ങളുടെയും ആരാധനാ കഥാപാത്രമാണ് അസ്പി. പ്രൊഫഷണലിസത്തിന്റെ ഒറ്റ പേരാണ് അസ്പി അങ്ങനെയില്ലാതെ ചെല്‍സിയെ പോലുള്ള ഒരു ക്ലബില്‍ ഇത്രയും അധികം വര്‍ഷം ഒരു താരത്തിന് തുടരാന്‍ സാധിക്കില്ല. ആ പ്രൊഫഷണലിസമാണ് യുവതാരങ്ങളുടെ ആരാധന പിടിച്ചുപറ്റാന്‍ സഹായിച്ചത്.

2012 സെപ്റ്റംബര്‍ 25-ന്, ലീഗ് കപ്പില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിനെതിരെയാണ് ആസ്പിലിക്യൂറ്റ തന്റെ അരങ്ങേറ്റം കുറിച്ചത്. വലത് വിങ് ബാക്കിയിരുന്നു താരം ഇടത്ത് വിങ്ങ് ബാക്കായായിരുന്നു അരങ്ങേറ്റ മത്സരം കളിച്ചത്. പിന്നീട് വര്‍ഷങ്ങളോളം അതേ പൊസിഷനില്‍ തുടര്‍ന്നു. പലരും ക്ലബ് വിട്ടപ്പോള്‍ അസ്പി ക്ലബില്‍ തന്നെ തുടര്‍ന്നു. തന്റെ കരിയറില്‍ ക്ലബിനായി നേടാവുന്ന എല്ലാ കിരീടങ്ങളും നേടിയാണ് താരം മടങ്ങുന്നത്. രണ്ട് പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, സൂപ്പര്‍ കപ്പ്, രണ്ട് യു.ഇ.എഫ്.എ. യൂറോപാ ലീഗ്, എഫ്.എ. കപ്പ്, ലീഗ് വണ്‍ കപ്പ് എന്നിവയെല്ലാം താരം ചെല്‍സിക്കായി നേടിയിട്ടുണ്ട്.

നിങ്ങള്‍ എന്നെ ഡേവ് എന്ന് വിളിച്ചു. ഞാന്‍ അതിനെ ഹോം എന്ന് വിളിക്കും. ഇത് എന്റെ ഹോമാണ് ഞാന്‍ നിങ്ങളെ കാണാന്‍ തിരികെയെത്തും. ഞാന്‍ അഭിമാനിക്കുന്നു നമ്മുക്ക് ഈ ബന്ധം ഇനിയും തുടരേണ്ടതുണ്ട് അസ്പിയുടെ അവസാന വാക്കുകൾ ഇങ്ങനെയാണ്. മറ്റൊരു വേഷത്തിൽ ചെല്‍സിയിലെത്തട്ടെ എന്ന് ആശംസിക്കാം കാത്തിരിക്കാം.

മലബാറില്‍ നിന്ന് പുതിയ താരങ്ങളെ കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി ബെംഗളൂരു എഫ് സി | Noushad Moosa Interview

മഞ്ചേരി: മലബാറില്‍ നിന്ന് ഭാവി താരങ്ങളെ കണ്ടെത്താന്‍ സമഗ്ര പദ്ധതിയുമായി മുന്‍ ഐ.എസ്.എല്‍ ചാമ്പ്യന്‍സ് ബംഗളൂരു എഫ്സി. അണ്ടര്‍ 13, 15 വിഭാഗത്തിലെ താരങ്ങളെ ലക്ഷ്യമിട്ട് ഡെബിള്‍ പാസ് ഡവലപ്പ്മെന്റ് ലീഗ് (ഡി.പി.ഡി.എല്‍) സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി ബംഗളൂരു എഫ്സി സഹപരിശീലകന്‍ നൗഷാദ് മൂസ ഫാന്‍പോര്‍ട്ടിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഐ എസ് എല്‍ മത്സരത്തിന് ശേഷമാണ് ഐ ലീഗ് മത്സരം കാണാന്‍ നൗഷാദ് മൂസ മലപ്പുറത്ത് എത്തിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഐ ലീഗ് മത്സരങ്ങല്‍ വീക്ഷിച്ച് മികച്ച താരങ്ങളെ ടീമിലെത്തികുക എന്നതാണ് ലക്ഷ്യം.

കേരളത്തിലേക്കുള്ള വരവ്

മികച്ച താരങ്ങളെ ലക്ഷ്യമിട്ടാണ് കേരളത്തിലേക്ക് വന്നിരിക്കുന്നത്. കേരളം മാത്രമല്ല രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി നടക്കുന്ന ഐ. ലീഗ് മത്സരങ്ങള്‍ക്ക് പോകാറുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഐ.എസ്എല്‍ മത്സരത്തിന് ശേഷമാണ് മലപ്പുറത്തേക്ക് വന്നത്. ഐ ലീഗില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കുകയാണ് ലക്ഷ്യം. ഐ ലീഗ് മത്രമല്ല മറ്റു ചാമ്പ്യന്‍ഷിപ്പുകളും വീക്ഷിക്കുന്നുണ്ട്.

എന്ത് കൊണ്ട് മലബാര്‍

മലബാര്‍ ഫുട്ബോളിന് വളക്കൂറുള്ള മണ്ണാണ്. മലബാറില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്താന്‍ സാധിക്കും മാസങ്ങള്‍ക്ക് മുമ്പ് ബംഗളൂരു എഫ്സിയുടെ സെലക്ഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തിയിരുന്നു അണ്ടര്‍ 13,15 വിഭാഗത്തിലെ താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു. ബംഗളൂരു എഫ്‌സി ഏഷ്യയിലെ തന്നെ മികച്ച് അക്കാദമികളില്‍ ഒന്നാണ്. ബംഗളുൂരു എഫ്‌സിയില്‍ എത്തുന്ന കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് നല്‍ക്കുന്നത്.

Credit: Bengaluru FC

പുതിയ ലീഗ് ആരംഭിക്കും

പരിശീലനത്തോടൊപ്പം കളിക്കാനുള്ള മികച്ച അവസരങ്ങളും വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് ഉയര്‍ച്ചയിലെത്തിച്ചേരാന്‍ സാധിക്കൂ അത് ലക്ഷ്യമിട്ട് ആറ് മാസം നീണ്ടു നില്‍ക്കുന്ന ഡെബിള്‍ പാസ് ഡവലപ്പ്മെന്റ് ലീഗ് (ഡി.പി.ഡി.എല്‍) ലീഗ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് നടത്താനാണ് ആലോചന. ചര്‍ച്ചകള്‍ നടന്ന വരുന്നേ ഒള്ളൂ. അതിന് ഗ്രൗണ്ടുകളും മറ്റു കണ്ടത്തേണ്ടതുണ്ട്. ആറ് മാസം നീണ്ടു നില്‍ക്കുന്നത് കൊണ്ട് മലപ്പുറം, കോഴിക്കോട് ജില്ലയിലെ കാലാവസ്ഥയെ കുറിച്ചു പഠിക്കേണ്ടതുണ്ട്

വളര്‍ന്നു വരുന്നു താരങ്ങളോട്

നിങ്ങള്‍ ഫുട്‌ബോളില്‍ ഫോകസ് ചെയ്യുക. നന്നായി അസ്വദിക്കുക. കളിക്കൊപ്പം പഠനവും അനിവാര്യമാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉയര്‍ന്ന വിജയം നേടാന്‍ സാധിക്കൂ.

ജില്ലാ ഫുട്‌ബോള്‍; എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം

മഞ്ചേരി: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം. ഇരുവിഭാഗത്തിലും എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര ചാമ്പ്യന്‍മാരായി.

വൈകീട്ട് 3.30 ന് നടന്ന സബ് ജൂനിയര്‍ വിഭാഗം ഫൈനലില്‍ മൈലപ്രം എസ്.സി. മലപ്പുറത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തില്‍ മൈലപ്രം എസ്.സി. മലപ്പുറത്തിന്റെ മുഹമ്മദ് നിഷ്മല്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ക്ക് കിക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. സബ് ജൂനിയര്‍ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ അപ്പോളോ ആട്‌സ് & എസ്.സി. വള്ളിക്കുന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

4.30 ന് നടന്ന ജൂനിയര്‍ വിഭാഗം ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സാപ് അരീക്കോടിനെയാണ് ന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര പരാജയപ്പെടുത്തിയത്. ചേലേമ്പ്രക്ക് വേണ്ടി നബ്ഹാന്‍, വിമല്‍ രാജ് എന്നിവര്‍ ഗോളുകള്‍ നേടി. ഇരുപകുതിയിലുമായിട്ടായിരുന്നു ഗോള്‍. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ എഫ്.ജി.സി. പെരിന്തല്‍മണ്ണ എം.എസ്.പി. മലപ്പുറത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

വിജയികള്‍ക്ക് മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ ആസിഫ് സഹീര്‍, ഫിറോസ് കളത്തിങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ കൈമാറി. സമാപന ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ്. പ്രസിഡന്റ് കാഞ്ഞിരാല അബ്ദുല്‍ കരീം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, എക്‌സിക്യുറ്റീവ് അംഗം സി. സുരേശ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.അഷ്‌റഫ്, സെക്രട്ടറി ഡോ. സുധീര്‍ കുമാര്‍, ജോ. സെക്രട്ടറി കെ.എ. നാസര്‍ സംസ്ഥാന ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. മനോഹരകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നടത്തപ്പെട്ടു


ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഒളിമ്പിക് വേവ് എന്ന ബഹുജനപങ്കാളിത്ത പരിപാടിയുടെ സമാരംഭവും ബഹുമാനപെട്ട കേരളാ ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ അവര്‍കള്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ കേരളത്തിന്റെ കായിക വകുപ്പ് മന്ത്രി ശ്രീ.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സ്വാഗതം ആശംസിച്ച കേരളാ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ .വി സുനില്‍ കുമാര്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ ഇന്നത്തെ ഒളിമ്പിക് ദിനത്തിന്റെ പ്രത്യേകതയെപ്പറ്റി പ്രസ്താവിച്ചു

ശ്രീ. ജേക്കബ് പുന്നൂസ് ഐ.പി.എസ് (മുന്‍ പോലീസ് ചീഫ് , 35 ആം നാഷണല്‍ ഗെയിംസ്‌ന്റെ അമരക്കാരന്‍ , ചെയര്‍മാന്‍ ഒളിമ്പിക് വേവ് കമ്മിറ്റി ) അവര്‍കള്‍ ഒളിമ്പിക് ദിനാഘോഷത്തെപ്പറ്റിയും ഒളിമ്പിക് വേവ് ന്റെ സംരംഭ പരിപാടിക ളെ സംബന്ധിച്ചും മുഖ്യ പ്രഭാക്ഷണം നടത്തി. ഈ പ്രത്യേക സാഹചര്യത്തില്‍ വ്യായാമത്തിന്റെയും ആരോഗ്യത്തിന്റെയും ആവശ്യകതയെപറ്റി അദ്ദേഹം സൂചിപ്പിച്ചു. കായിക മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ ഒളിമ്പിക് ദിനത്തിന്റെ പ്രത്യേകതയെപ്പറ്റിയും കേരളാ കായിക താരങ്ങളുടെ ദേശീയ , അന്തര്‍ദേശീയ മത്സരങ്ങളില്‍ കാട്ടുന്ന മികവിനെ പറ്റിയും സംസാരിച്ചു. വരുംദിനങ്ങളില്‍ കായിക കേരളത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് സൂചിപ്പിച്ചു.

ചടങ്ങിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ബഹുമാനപെട്ട പ്രസിഡന്റ് ഡോ നരേന്ദര്‍ ധ്രുവ് ബത്ര അവര്‍കള്‍ ആശംസ അര്‍പ്പിച്ചു. കേരളാ ഒളിമ്പിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു . ഒളിമ്പിക് വേവ് എന്ന ബഹുജന പ്രാധാന്യമുള്ള പരിപാടിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു. ബഹുമാനപെട്ട ഗവര്‍ണ്ണര്‍ ഉദ്ഘാടനപ്രസംഗത്തില്‍ ഈ ഓണ്‍ലൈന്‍ ഒളിമ്പിക് ദിനാഘോഷങ്ങള്‍ നടക്കുന്നതു വളരെ പ്രാധാന്യമുള്ള സമയത്താണ് എന്ന് അഭിപ്രായപ്പെട്ടു. എന്തെന്നാല്‍ ടോക്കിയോ ഒളിമ്പിക് മത്സരങ്ങളും ഒരു മാസത്തിനു ശേഷം ആരംഭിക്കുന്നു.
മോഡേണ്‍ ഒളിമ്പിക് ദിനത്തിന്റെ പിറവിയെ അനുസ്മരിക്കുന്ന ഈ ആഘോഷ വേളയില്‍ എല്ലാവരെയും ഏതെങ്കിലും പുതിയ കായിക പരിപാടിയുമായി മുന്നോട് പോകുവാന്‍ ആഹ്വാനം ചെയ്തു.

1987 മുതല്‍ ഒളിമ്പിക് റണ്‍ വ്യാപകമായി ലോകത്തെല്ലായിടത്തും നടത്തിവന്നു , കോവിഡ് 19 എന്ന മഹാമാരി കടന്നുവന്നതുവരെ .
ലോകത്തിന്റെ മുഴുവന്‍ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ശക്തി കാട്ടികൊടുക്കുന്നതാണ് ഒളിമ്പിക് ദിനാഘോഷങ്ങളുടെ സവിശേഷത .
ഈ വര്‍ഷം കേരളാ ഒളിമ്പിക് അസോസിയേഷന്‍ ഒളിമ്പിക് വേവ് എന്ന പുതുമയുള്ള , ദീര്‍ഘവീക്ഷണത്തോടുകൂടി ആരംഭിക്കുന്ന പരുപാടിയില്‍ താന്‍ തികച്ചും സന്തുഷ്ടനാണ് എന്ന് അദ്ദേഹം പറഞ്ഞു . ഈ കോവിഡ് മഹാമാരിയുടെ കാലത്തു ജനങ്ങള്‍ക് ധൈര്യമായി അതിനെ നേരിടുവാനും അതുവഴി ശക്തമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുവാനും പ്രസ്തുത കായിക പദ്ധതിയ്ക്കു കഴിയുമെന്ന് പ്രത്യാശിക്കുന്നു . പ്രധാനമായും മുതിര്‍ന്ന പൗരന്മാര്‍ക്കു ആയിട്ടുള്ള ആള്‍കാര്‍ക് പ്രയോജനപ്രദമായ ഒളിമ്പിക് വേവ് എന്ന ആശയം സമൂഹത്തിന്റെ മുഖ്യമായ വിഭാഗത്തിന്

പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു. കേരളാ ഒളിമ്പിക് അസോസിയേഷന്റെ എല്ലാ ഭാവി പരുപാടികള്‍ക്കും അദ്ദേഹം ഭാവുകങ്ങള്‍ അര്‍പ്പിച്ചു.
ഒളിമ്പിക് ദിനാഘോഷ ചടങ്ങുകള്‍ക്കും ഒളിമ്പിക് വേവിന്റെ ആരംഭ പരിപാടികള്‍ക്കും കേരളാ ഒളിമ്പിക് അസോസിയേഷന്റെ സെക്രട്ടറി ജനറല്‍ ശ്രീ.എസ് രാജീവ് നന്ദി പ്രകാശിപ്പിച്ചു .

കാലിക്കറ്റ് സർവകലാശാല ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇ എം ഇ എ കോളേജിന്

കൊണ്ടോട്ടി: കാലിക്കറ്റ് സർവകലാശാല ബി സോൺ ഫുട്ബോൾ കിരീടം ഇ എം ഇ എ കോളേജിന്. കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് നടന്ന ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് മമ്പാട് എം ഇ എസിനെ തോൽപ്പിചാണ്  ഇ എം ഇ എ കോളേജ് ചാമ്പ്യൻമാരായത്.

ആദ്യ പകുതിയിൽ സുഹൈലും രണ്ടാം പകുതിയിൽ അനസും ഗോൾ നേടി. രണ്ടാം തവണയാണ് കോളേജ് ചാമ്പ്യൻമാരാവുന്നത്. ഇതോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്ന ഇൻറർസോൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്തു. ചാമ്പ്യന്മാരെ കോളേജ് പ്രിൻസിപ്പാളിനെ നേതൃത്വത്തിൽ അനുമോദിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ശിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു കോച്ച് ഫാസിൽ എന്നിവർ സംബന്ധിച്ചു.

ദേശീയ നയൻ സൈഡ് ഫുട്ബോൾ കേരളം ജേതാക്കൾ

ഹരിയാനയിലെ നർവാനയിൽ നടന്ന ദേശീയ സീനിയർ നയൻ സൈഡ് ഫുട്ബോളിൽ കേരളം ജേതാക്കളായി. ഫൈനലിൽ ആതിഥേയരായ ഹരിയാനയെ 1-0 പരാജയപ്പെടുത്തിയാണ് കേരളം ജേതാക്കളായത്. ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായി ക്വർട്ടറിൽ പ്രവേശിച്ച കേരളം മധ്യപ്രദേശിനെ തോൽപ്പിച്ചാണ് സെമിയിൽ പ്രവേശിച്ചത്. കരുത്തരായ ഡൽഹി സെമിയിൽ 3-1 എന്ന സ്കോറിനു പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.

ടീം. ദിൽഷാദ്.സലിം മാലിക്ക്. അർഷാദ്, ആശിഖ്, മുനീബ്, ദിൻഷിദ് സലാം, വിനായക്, ജിതേഷ്, മുർഷിദ്, അബിദ്, ഷിബിൻ, ആഘോഷ് എന്നീ താരങ്ങൾ മലപ്പുറത്ത് നിന്നുള്ളവരും റിഷാൻ റഷീദ് ,സൽമാൻ എന്നിവർ വയനാട് ജില്ലയിൽ നിന്ന് ഉള്ളവരുമാണ്. കോച്ച് ഗോകുൽ വാഴക്കാട് സ്വദേശിയാണ് ഷഹൽമുഫീദാണ് ടീം മാനേജർ.

ദേശീയ നയൻ സൈഡ് ഫുട്ബോളിനായി കേരള ടീം പുറപ്പെട്ടു

ഹരിയാനയിലെ നർവാനയിൽ ഈ മാസം 10 മുതൽ 14 വരെ നടക്കുന്ന ദേശീയ സീനിയർ നയൻ സൈഡ് ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള കേരള ടീമിന്റെ ക്യാമ്പ് കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ സമാപിച്ചു. ഒരു മാസക്കാലം നീണ്ടു നിന്ന ക്യാമ്പിലൂടെയാണ് താരങ്ങളെ തിരഞ്ഞടുത്തത്. താരങ്ങൾക്കുള്ള ജഴ്സി ഇ എം ഇ എ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഷിഹാബുദ്ധീൻ വിതരണം ചെയ്തു.

കേരള നയൻ സൈഡ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രി. ജൈസൽ, ഷഹൽ മുഫീദ് എന്നിവർ സംബന്ധിച്ചു. നിലവിലെ ജൂനിയർ, യൂത്ത് നയൻ സൈഡ് ഫുട്ബോൾ ചാമ്പ്യൻമാരാണ് കേരളം ടീം. ദിൽഷാദ്, സലിം മാലിക്ക്, അർഷാദ്, ആശിഖ്, മുനീബ്, ദിൻഷിദ് സലാം, വിനായക്, ജിതേഷ്, മുർഷിദ്, അബിദ്, ഷിബിൻ, ആഘോഷ് എന്നീ താരങ്ങൾ മലപ്പുറത്ത് നിന്നുള്ളവരും റിഷാൻ റഷീദ് ,സൽമാൻ എന്നിവർ വയനാട് ജില്ലയിൽ നിന്ന് ഉള്ളവരുമാണ്. കോച്ച് ഗോകുൽ വാഴക്കാട് സ്വദേശിയാണ് ഷഹൽമുഫീദാണ് ടീം മാനേജർ. ടീം ഇന്നലെ നർവാനയിലേക്ക് പുറപ്പെട്ടു.

സ്വന്തം ക്ലബുകള്‍ക്ക് നേരെ മുഖം തിരിക്കുന്ന കേരള ആരാധകര്‍ 

കേരളത്തിന് ഫുട്‌ബോള്‍ കേവലം ഒരു കളിമാത്രമല്ല ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ്. ജാതിമതഭേദമന്യ ഒരേ സ്വരത്തില്‍ അലിഞ്ഞ് ചേരുന്ന ഫുട്‌ബോള്‍ ആവേശം. ആ ആവേശം നമ്മുടെ ഒരോ തൂണിലും തുരുമ്പിലുമുണ്ട്. പന്തിനെ പ്രണയിച്ച നാട്ടുകാരായ നമ്മള്‍ക്കിതെന്തു പറ്റി ? ആ ആവേശവും ആരവവും എവിടെ പോയി ?

1863 ല്‍ ബ്രിട്ടണില്‍ ഉദിച്ച ഫുട്‌ബോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് ആര്‍മി വഴി ഇന്ത്യയിലെത്തി. പത്തോന്‍മ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രോഫസര്‍ ബിഷപ്പ് വഴി നമ്മുടെ കൊച്ചു കേരളത്തിലും. അന്ന് മുതല്‍ തുടങ്ങിയ ഫുട്‌ബോള്‍ പ്രേമത്തിന് ഇന്ന് ചിലമാറ്റങ്ങളുണ്ടായെന്നാണ് തോന്നുന്നത്. ഫുട്‌ബോളിനെ ജീവശ്വാസം പോലെ കാണുന്ന നമ്മുടെ ആ ഫുട്‌ബോള്‍ ശ്വാസം ഒന്ന് നിലച്ചാലോ ? ഇന്ന് എനിക്ക് തോന്നുന്നത് ആ ശ്വാസത്തിന് ചില തടസങ്ങളുണ്ടെന്നാണ്.

പണ്ടത്തെ ഫുട്‌ബോള്‍ ആരവം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. കളി തുടങ്ങുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് ആരവങ്ങളോടെ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തും. അന്ന് യാത്ര ചെയ്യാന്‍ വാഹനങ്ങളില്ല. എന്നാല്‍ ആ സഹചര്യത്തില്‍ പോലും മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തിയവര്‍ പോലുമുണ്ടായിരുന്നു. മുളകൊണ്ട് കെട്ടിയ ഉയര്‍ത്തിയ ഗ്യാലറികള്‍ നിമിഷം നേരം കൊണ്ട് നിറയും. സ്വന്തം ടീം ഗോളടിക്കുമ്പോഴും ഗോള്‍ വഴങ്ങുമ്പോഴും ഒരേ ആരവത്തില്‍ ടീമിനോപ്പം നില്‍ക്കും. ഒരേ സ്വരത്തില്‍ ആടിയും പാടിയും നൃത്തം ചെയ്തും കളിയുടെ അവസാന വിസില്‍ മുഴങ്ങുന്നത് വരെ അണ്‍ലിമിറ്റഡ് ആവേശമായി ഗ്യാലറിയില്‍ ആടി തിമര്‍ക്കും.

ഫുട്‌ബോളില്‍ വിജയത്തിന് മൈതാനത്ത് ആണിനിരക്കുന്ന 11 പേരെ പോലെ തുല്യ പങ്കാണ് ടുവല്‍ത്ത് മാന്‍ എന്ന് വിശേഷിപ്പിക്കുന്ന ആരാധകര്‍ക്കും. ആരാധകരുടെ പിന്തുണ പല കളിയെയും മാറ്റി മറിക്കാറുണ്ട്. എന്നാല്‍ കേരള ആരാധകരുടെ സ്ഥിതി മറിച്ചാണ്. ആഘോഷമുണ്ട്- ആരവമുണ്ട്, പക്ഷെ അത് കളിയുടെ തടക്കത്തില്‍ മാത്രം. ലീഗിന്റെ തുടക്കത്തില്‍ നിറഞ്ഞ് തുളുമ്പുന്ന ആരാധകരുടെ എണ്ണം തുടര്‍ന്നുള്ള മത്സരങ്ങളില്‍ ക്രമേണ കുറഞ്ഞു കുറഞ്ഞു വരും. ആദ്യ മത്സരത്തില്‍ സ്വന്തം ടീമിന് തോല്‍വിയാണ് വിധിയെങ്കില്‍ കുറയുന്ന എണ്ണം ഇരട്ടിയാകും. കേരളത്തിന്റെ ബ്ലാസ്‌റ്റേഴ്സിനെയും ഗോകുലത്തിനെയും ഉദാഹരണമായി എടുക്കുമ്പോള്‍ അത് വ്യക്തമാണ്. കളികള്‍ ഒരോന്നായി അവസാനിക്കുമ്പോയും ആരാധകരുടെ എണ്ണം കുറഞ്ഞ് വരികയാണ്. ബ്ലാസ്‌റ്റേഴ്‌സിനെ അത്ര അധികം ബാധിച്ചിട്ടില്ലെങ്കിലും ഗോകുലത്തിന്റെ സ്ഥിതി തീര്‍ത്തും നിരാശ നിറഞ്ഞതാണ്. ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലബാറില്‍ ക്ലബിന്റെ ഹോം സ്‌റ്റേഡിയം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, പിന്തുണയാണ്. നാഗ്ജീയും നാഷണല്‍ ലീഗ് മത്സരങ്ങളും ആവേശത്തോടെ വരവേറ്റ മലബാറുകാര്‍ ഗോകുലത്തെ മറന്നു പോയ മട്ടാണ്. ഗോകുലം തോൽവികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു, ദിനം തോറും ആരാധകരുടെ എണ്ണം താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു.

ഈ മനോഭാവം മാറേണ്ടതാണ് അല്ലെങ്കില്‍ മാറ്റേണ്ടതാണ്. കാറ്റ് നിറച്ച പന്തിനെ പ്രണയിച്ച നമ്മള്‍ വഞ്ചിക്കുന്നത് ആരെയാണ് ? സത്യം പറഞ്ഞാല്‍ സ്വന്തം മനസാക്ഷിയെയല്ലെ? മാറ്റണം- അല്ലെങ്കില്‍ മാറണം, ‘ഫുട്‌ബോള്‍ വളരാന്‍ ക്ലബുകള്‍ വേണം ‘അത് പരമ സത്യം. പ്രിയ ആരാധകരേ, നിങ്ങളോട് പറയാനുള്ളത് ഇത്രമാത്രം. കളി കാണാന്‍ വരിക. സപ്പോര്‍ട്ട് ചെയ്ത് നമ്മുടെ ക്ലബിനെ വിജയിപ്പിക്കുക. ഈ ക്ലബുകള്‍ വളര്‍ന്നാലെ കേരള ഫുട്‌ബോള്‍ വളരൂ. കേരള ഫുട്‌ബോള്‍ വളര്‍ന്നാലെ നമ്മുടെ കുട്ടികള്‍ക്ക് അവസരമുണ്ടാവൂ. ഒരു പക്ഷെ സപ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ വീണ്ടും നമുക്ക് ക്ലബുകള്‍ നഷ്ടമാകും. അതിനാല്‍ വരിക, സപ്പോര്‍ട്ട് ചെയ്ത് വിജയിപ്പിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version