മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൈക്കൽ കാരിക് ഈ സീസൺ അവസാനത്തോടെ കളി മതിയാക്കുന്നു. വിരമിക്കുന്ന കാരിക് അടുത്ത സീസൺ മുതൽ മൗറീഞ്ഞോക്ക് കീഴിൽ യുണൈറ്റഡിന്റെ കോച്ചിങ് സ്റ്റാഫിൽ ഒരാളായി ചേർന്നേക്കും. മൗറീഞ്ഞോ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. കാരിക് തന്റെ സ്റ്റാഫ് അംഗമാവുന്നതിലുള്ള സന്തോഷവും മൗറീഞ്ഞോ പങ്ക് വച്ചു.
കഴിഞ്ഞ സീസൺ അവസാനത്തിൽ യുണൈറ്റഡുമായി പുതിയ ഒരു വർഷത്തെ കരാർ ഒപ്പിട്ട താരത്തിന് പക്ഷെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബറിന് ശേഷം കളിക്കാനായിരുന്നില്ല. നിലവിൽ ടീമിനൊപ്പം പരിശീലനത്തിൽ മടങ്ങിയെത്തിയ താരത്തിന് പക്ഷെ എന്നാണ് കളിക്കാനാവുക എന്നത് വ്യക്തമല്ല. 37 കാരനായ കാരിക് നിലവിൽ ടീമിലെ ഏറ്റവും സീനിയർ അംഗമാണ്. യുനൈറ്റഡിനായി ഇതുവരെ 459 മത്സരങ്ങൾ കളിച്ച താരം 2006 ലാണ് ടോട്ടൻഹാമിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. ക്ലബ്ബിനോപ്പം ഇതുവരെ 5 ലീഗ് കിരീടങ്ങൾ നേടിയ കാരിക് 1 ചാംപ്യൻസ് ലീഗ് കിരീടവും, യൂറോപ്പ ലീഗും, 3 ലീഗ് കപ്പും, 1 എഫ് എ കപ്പും നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial