റംസിക്ക് ഹാട്രിക്, ആഴ്സണലിന് വമ്പൻ ജയം

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

ആരോൻ റംസിയുടെ ഹാട്രിക് മികവിൽ ആഴ്സണലിന് എവർട്ടനെതിരെ വമ്പൻ ജയം. 5-1 നാണ് ഗണ്ണേഴ്‌സ് സ്വന്തം മൈതാനത്ത് ടോഫിസിനെ മറികടന്നത്. സ്വാൻസികെതിരായ തോൽവിക്ക് ശേഷം ജയം അനിവാര്യമായ മത്സരത്തിൽ ഹെൻറിക് മികിതാര്യന്റെ മികച്ച പ്രകടനവും ആഴ്സണലിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു. ആഴ്സണൽ നേടിയ 5 ഗോളുകളിൽ 3 ഉം പിറന്നത് മികിതാര്യന്റെ അസിസ്റ്റിൽ നിന്നായിരുന്നു. ഒബാമയങ്ങിന്റെ അരങ്ങേറ്റ ഗോളും ആഴ്സണലിന്റെ ജയത്തിന്റെ മധുരം കൂട്ടി. ജയത്തോടെ ആഴ്സണൽ 45 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരും.

ലകസ്റ്റിന് പകരം ഒബാമയാങ് ആദ്യ ഇലവനിൽ തന്നെ ഇടം നേടി. മികിതാര്യനും ഇത്തവണ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പാക്കി. എവർട്ടൻ ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കമാണ് എമിറേറ്റ്‌സിൽ അവർക്ക് കിട്ടിയത്. സിറ്റിയിൽ നിന്ന് മൻഗാല വന്നിട്ടും പ്രതിരോധം അവരുടെ രക്ഷയായില്ല. 6 ആം മിനുട്ടിൽ മികിതാര്യന്റെ പാസ്സിൽ റംസി ആഴ്സണലിന് ലീഡ് സമ്മാനിച്ചു. പിന്നീട് 14 ആം മിനുട്ടിൽ കോശിയെൻലിയും, 19 ആം മിനുട്ടിൽ റംസി രണ്ടാം ഗോളും നേടിയതോടെ 20 മിനുട്ടിനുള്ളിൽ തന്നെ എവർട്ടൻ 3 ഗോളിന് പിറകിലായി. 37 ആം മിനുട്ടിലാണ് ആഴ്സണൽ ഫാൻസ് കാത്തിരുന്ന ഗോൾ പിറന്നത്. ഡോർട്ട് മുണ്ടിൽ ഒരുമിച്ചു കളിച്ച മികിതാര്യന്റെ പാസ്സിൽ ഒബാമയാങ് തന്റെ ആദ്യ ആഴ്സണൽ ഗോൾ നേടി സ്കോർ 4-0 മാക്കി. റിപ്ലെകളിൽ ഗോൾ ഓഫ് സൈഡ് ആണെന്ന് കാണിച്ചെങ്കിലും ഭാഗ്യം ഒബാമയങ്ങിന്റെ കൂടെയായിരുന്നു.

രണ്ടാം പകുതിയിൽ നാച്ചോ മോൻറിയാളിനു പകരം കോലാസിനാച്ചിനെ ഇറക്കിയാണ് ആഴ്സണൽ ഇറങ്ങിയത്. എവർട്ടൻ മൈക്കൽ കീനിന്റെ പകരം ടോം ഡേവിസിനെയും ഇറക്കി. 61 ആം മിനുട്ടിൽ വാൾകൊട്ടിനു പകരം കാൽവർട്ട് ലെവിനെ ഇറക്കിയ സാമിന്‌ ഏറെ സമയം കഴിയും മുൻപേ അതിന്റെ ഫലം ലഭിച്ചു. 64 ആം മിനുട്ടിൽ മാർട്ടിനയുടെ പാസ്സിൽ ലെവിൻ എവർട്ടന്റെ ആശ്വാസ ഗോൾ നേടി. 74 ആം മിനുട്ടിൽ മികിതാര്യന്റെ പാസ്സ് കിടിലൻ ഷോട്ടിലൂടെ വലയിലാക്കി റംസി ഹാട്രിക് പൂർത്തിയാക്കി. അടുത്ത വാരം ടോട്ടൻഹാമിന് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial