പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലിന് ലണ്ടൻ ഡെർബി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ക്രിസ്റ്റൽ പാലസിനെയാണ് വെങ്ങറും സംഘവും ഇന്ന് നേരിടുക. ബൗന്മൗത്തിനോട് തോൽവി വഴങ്ങിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ആഴ്സണലിന് ജയം അനിവാര്യമാണ്. ആദ്യ നാലിലേക്കുള്ള സാധ്യതകൾ നില നിർത്താൻ ജയം അനിവാര്യമായ ആഴ്സണലിന് പക്ഷെ കാര്യങ്ങൾ എളുപ്പമാവാൻ ഇടയില്ല. റോയ് ഹുഡ്‌സന് കീഴിൽ മികച്ച ഫോം തുടരുന്ന പാലസ് ബെർന്ലികെതിരായ ജയത്തിന് ശേഷമാണ് ഇന്ന് എമിറേറ്റ്‌സിൽ എത്തുന്നത്. ആഴ്സണൽ നിരയിൽ സാഞ്ചസ് യൂണൈറ്റഡിലേക്ക് മാറും എന്നുറപ്പായതോടെ ഇത്തവണയും ആഴ്സണൽ ടീമിൽ സാഞ്ചസ്, ഓസിൽ എന്നിവർ ഉണ്ടാവില്ല. സ്‌ട്രൈക്കർ ലകസറ്റിന്റെ മോശം ഫോമും ആഴ്സണലിന് തിരിച്ചടിയാണ്. പാലസ് നിരയിൽ ഇന്ന് ടൗൻസെൻഡും കളിക്കാൻ സാധ്യതയില്ല.
ലീഗിലെ ആദ്യ തോൽവി ലിവർപൂളിനോട് വഴങ്ങിയ ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ന്യൂ കാസിലിനെ നേരിടും. സ്വന്തം മൈതാനത്താണ് മത്സരം എന്നത് സിറ്റിക്ക് ആശ്വാസമാവും. പ്രതിരോധത്തിൽ സിറ്റിയുടെ പിഴവുകൾ മുതലാക്കാൻ റാഫാ ബെനീറ്റസിന്റെ ടീമിനായാൽ സിറ്റിക്ക് കാര്യങ്ങൾ കടുപ്പമാവും. പക്ഷെ അവസാനം ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ തീർത്തും പ്രതിരോധ ഫുട്‌ബോൾ കളിച്ച റാഫാ ബെനീറ്റസിന്റെ നടപടി ഏറെ വിമർശനം വിളിച്ചു വരുത്തിയിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിന് സിറ്റി പക്ഷെ ജയം സ്വന്തമാക്കി. സിറ്റി നിരയിൽ ഫാബിയൻ ഡെൽഫ് പരിക്ക് കാരണം കളിച്ചേക്കില്ല. പകരം ഡാനിലോ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ന്യൂ കാസിൽ നിരയിൽ മെട്രോവിച്ചും ജിസൂസ് ഹാമേസും കളിച്ചേക്കില്ല. ഇരുവർക്കും പരിക്കാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial