വെംബ്ലിയിൽ ഇന്ന് നോർത്ത് ലണ്ടൻ ഡെർബി

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ ഇന്ന് ടോട്ടൻഹാം ആഴ്സണലിനെ നേരിടും. നോർത്ത് ലണ്ടനിലെ വൻ ശക്തികൾ ടോട്ടൻഹാമിന്റെ സ്വന്തം മൈതാനമായ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ലീഗിൽ അഞ്ചാം സ്ഥാനത്തിരിക്കുന്ന ടോട്ടൻഹാമും ആറാം സ്ഥാനത്തിരിക്കുന്ന ആഴ്സണലും നേരിട്ട് വരുമ്പോൾ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

സ്പർസ് നിരയിലേക്ക് ഹാരി വിങ്ക്സ്, ടോബി ആൾഡർവീൽഡ്, ഡാനി റോസ് എന്നിവർ പരിക്ക് മാറി തിരിച്ചെത്തുന്നത് പോചെട്ടിനോക്ക് ആശ്വാസമാവും. കൂടാതെ പിഎസ്ജിയിൽ നിന്ന് എത്തിയ ലൂകാസ് മോറയും അരങ്ങേറിയേക്കും. ആഴ്സണൽ നിരയിൽ പീറ്റർ ചെക്കിന്‌ പരിക്ക് കാരണം കളിക്കാനാവില്ല. ഡാനി വെൽബക്കും കളിച്ചേക്കില്ല.

നവംബറിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ആഴ്സണലിനായിരുന്നു ജയം. പക്ഷെ അവസാന 11 കളികളിൽ പരാജയമറിയാത്ത ടോട്ടൻഹാമിനെ മറികടക്കുക എന്നത് വെങ്ങറുടെ ടീമിന് എളുപ്പമാവില്ല. ആക്രമണ നിരയുടെ മികച്ച ഫോമാണ് ആഴ്സണലിന്റെ ശക്തി. മികിതാര്യനും, ഓസിലിനും, ഒബാമയാങിനും പുറമെ റംസിയും ഫോമിലേക്ക് ഉയർന്നത് ആഴ്സണലിന്റെ ശക്തി വർധിപ്പിക്കും. ഹാരി കെയ്നെ തടയുക എന്നതാവും ആഴ്സണൽ പ്രതിരോധം നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6 നാണ് മത്സരം കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial