പ്രീമിയർ മഞ്ഞപ്പട എമിറേറ്റ്സ് ലീഗ്-2022 ; ഫാന്റം ലൂണാസ് ചാമ്പ്യൻമാർ

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട യു.എ.ഇ. വിങ് സംഘടിപ്പിച്ച “പ്രീമിയർ മഞ്ഞപ്പട എമിറേറ്റ്സ് ലീഗ്” നയൻസ് ടൂർണമെന്റ് ഖുസൈസ് സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ടർഫിൽ നടന്നു. മഞ്ഞപ്പട അംഗങ്ങളായ 100 ൽ പരം കളിക്കാർ ആറ്‌ ടീമുകളായി ഏറ്റുമുട്ടിയ ടൂർണമെന്റിൽ വിജയികളായ ‘ഫാന്റം ലൂണ’ ടീമിന് ടൈറ്റിൽ സ്പോൺസേർസ് ആയ പ്രീമിയർ വുഡൻ പാലറ്റ് കമ്പനി എം.ഡി. ശ്രീ:നിസ്സാർ കെ.പി. ട്രോഫി സമ്മാനിച്ചു.

രണ്ടാം സ്ഥാനം ‘സച്ചിൻ&ബിജോയ് വാരിയേഴ്സും’ മൂന്നാം സ്ഥാനം ‘ജീക്സൺ ഫാൽകോൺസും’ സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫാന്റം ലൂണയുടെ ‘നൗഷാദ്’ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ഗോളിന് ഫാന്റം ലൂണയുടെ റാസിക്കും ഫെയർ പ്ളേ അവാർഡിന് കൊമ്പൻ വാസ്‌കസും അർഹരായി.

സച്ചിൻ& ബിജോയ് വാരിയേഴ്സിന്റെ നവാസ് ആണ് മികച്ച ഡിഫൻഡർ. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലവ് ഫാന്റം ലൂണയുടെ അനക്സിനാണ്. ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കൊമ്പൻ വാസ്‌കസിന്റെ സഫു സ്വന്തമാക്കി.

മലയാളികളുടെ കാൽപ്പന്തുകളി പ്രേമം വിളിച്ചോതിയ പ്രൗഢ ഗംഭീര സമ്മാനദാന ചടങ്ങിൽ ടൂർണമെന്റ് സ്പോണ്സർമാരായ അന്നം റെസ്‌റ്റോറന്റ്,ഒമേഗാ ഇൻഷുറൻസ് ബ്രോകേർസ്,ഗ്രാൻഡ്ലൈൻ കോൺട്രാക്ടിങ്,ഫ്ലോറൻസ് കോസ്മെറ്റിക്സ്,സെന്തു ടെക്നിക്കൽ സർവീസ്,ഡി സ്‌ക്വാഡ് എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.

അംഗങ്ങളുടെ കൂട്ടായ്മ ഊട്ടിയുറപ്പിക്കാൻ ഉതകുന്ന ഇത്തരം പ്രവർത്തനങ്ങളുമായി തുടർന്നുപോകുമെന്ന് ടൂർണമെന്റ് സംഘാടകരായ ‘മഞ്ഞപ്പട യു.എ.ഇ. വിങ്’ ഭാരവാഹികൾ അറിയിച്ചു.