റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ്: സായ് കൊല്ലത്തെ വീഴ്ത്തി പിഎഫ്‌സി കേരള കുതിപ്പ് തുടരുന്നു

Newsroom

PFC Kerala


റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് (RFDL) കേരള റീജിയണൽ ക്വാളിഫയേഴ്സിൽ പിഎഫ്‌സി കേരളയുടെ തേരോട്ടം തുടരുന്നു. സായ് (SAI) കൊല്ലത്തിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ച പിഎഫ്‌സി കേരള ടൂർണമെന്റിൽ തങ്ങളുടെ നാലാം വിജയം സ്വന്തമാക്കി.

1000397156

കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകളും നേടിയ പിഎഫ്‌സി കേരള മത്സരത്തിലുടനീളം ആധിപത്യം പുലർത്തി.
നേരത്തെ കോവളം എഫ്‌സി, കേരള യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയ പിഎഫ്‌സി കേരള ഒൻപത് പോയിന്റുമായാണ് ഈ മത്സരത്തിന് ഇറങ്ങിയത്. കൃത്യതയാർന്ന ഫിനിഷിംഗും ശക്തമായ പ്രതിരോധവുമാണ് സായ് കൊല്ലത്തിനെതിരെ അവർക്ക് തുണയായത്. ഒരു ഗോൾ പോലും വഴങ്ങാതെ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞത് അവരുടെ പ്രതിരോധ നിരയുടെ മികവ് തെളിയിക്കുന്നു. മികച്ച ഫോമിലുള്ള പിഎഫ്‌സി കേരളയെ പിടിച്ചുകെട്ടാൻ സായ് കൊല്ലത്തിന്റെ താരങ്ങൾക്ക് സാധിച്ചില്ല.


ഈ വിജയത്തോടെ വലിയ ആത്മവിശ്വാസത്തിലാണ് പിഎഫ്‌സി കേരളയുടെ യുവനിര. ജനുവരി 3-ന് റിയൽ മലബാറിനെതിരെയാണ് പിഎഫ്‌സിയുടെ അടുത്ത നിർണ്ണായക മത്സരം. ഈ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സോണൽ ഘട്ടത്തിലേക്ക് യോഗ്യത നേടാൻ അവർക്ക് സാധിക്കും.