ചാമ്പ്യൻസ് ലീഗിൽ സ്ലാവിയ പ്രാഗിനെതിരെ നടന്ന മത്സരത്തിനിടെ ബാഴ്സലോണയുടെ യുവ സൂപ്പർ താരം പെഡ്രിക്ക് വീണ്ടും പരിക്കേറ്റു. മത്സരത്തിന്റെ 60-ാം മിനിറ്റിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റ താരം വേദനയോടെ കളം വിടുകയായിരുന്നു. വലതുകാലിനേറ്റ പരിക്ക് ഗുരുതരമാണെങ്കിൽ സ്പെയിൻ താരത്തിന് കുറഞ്ഞത് നാല് മുതൽ അഞ്ച് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മത്സരശേഷം സംസാരിച്ച ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഇതൊരു നല്ല വാർത്തയല്ലെന്ന് പ്രതികരിക്കുകയും താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
23-കാരനായ താരത്തിന്റെ പരിക്കുകളുടെ ചരിത്രം ക്ലബ്ബിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. 2022-23 സീസണിൽ മൂന്നര മാസവും കഴിഞ്ഞ സീസണിൽ രണ്ടര മാസവും പരിക്കിനെത്തുടർന്ന് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. മധ്യനിരയിലെ പെഡ്രിയുടെ അഭാവം വരാനിരിക്കുന്ന പ്രധാന മത്സരങ്ങളിൽ ബാഴ്സയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും.
പെഡ്രിയുടെ പരിക്ക് സംബന്ധിച്ച കൂടുതൽ വ്യക്തതയ്ക്കായി മെഡിക്കൽ പരിശോധനകൾ നടന്നു വരികയാണ്.









