ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്‌നെ (പിഎസ്ജി) 3-0ന് തോൽപ്പിച്ച് ചെൽസി കിരീടം ചൂടി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൈനലിൽ ഫ്രഞ്ച് വമ്പൻമാരെ എല്ലാ മേഖലകളിലും അതിശയിപ്പിച്ച് ആത്മവിശ്വാസത്തോടെയും ശൈലിയിലൂം ചെൽസി ഈ പുതിയ ഫോർമാറ്റിൽ പുനസംഘടിപ്പിച്ച അഭിമാനകരമായ ട്രോഫി സ്വന്തമാക്കി.

മത്സരത്തിലെ താരം കോൾ പാമർ ആയിരുന്നു. അദ്ദേഹം അതിവേഗം രണ്ട് ഗോളുകൾ നേടി. 22-ാം മിനിറ്റിൽ മാലോ ഗുസ്റ്റോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആദ്യ ഗോൾ. എട്ട് മിനിറ്റിന് ശേഷം ലെവി കോൾവില്ലുമായി ചേർന്നുള്ള മനോഹരമായ ഒരു മുന്നേറ്റത്തിനൊടുവിൽ രണ്ടാമത്തെ ഗോളും പിറന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പാമർ നൽകിയ മികച്ചൊരു അസിസ്റ്റിൽ നിന്ന് ജോവോ പെഡ്രോ മൂന്നാം ഗോൾ നേടി. 3-0ന്റെ ആധികാരിക ലീഡുമായി ചെൽസി ഇടവേളയ്ക്ക് പിരിഞ്ഞു. പിന്നീട് പിഎസ്ജിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.
രണ്ടാം പകുതിയിൽ നിരവധി മാറ്റങ്ങൾ വരുത്തുകയും പന്തിൽ കൂടുതൽ ആധിപത്യം നേടുകയും ചെയ്‌തെങ്കിലും, പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര ഉറച്ചുനിന്നു. ഗോൾകീപ്പർ റോബർട്ട് സാഞ്ചസിന്റെ തകർപ്പൻ സേവുകളും ചെൽസിയുടെ കിരീടം ഉറപ്പിച്ചു. അവസനാം ജാവോ നെവസിന് ചുവപ്പ് കണ്ട് പുറത്ത് പോകേണ്ടി വന്നത് പിഎസ്ജിയുടെ പോരാട്ടം അവസാനിപ്പിച്ചു.