ക്രിസ്റ്റൽ പാലസ് പരിശീലകൻ ഒലിവർ ഗ്ലാസ്നറും ക്ലബ്ബ് മാനേജ്‌മെന്റും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലും, ഈ സീസൺ അവസാനം വരെ അദ്ദേഹത്തെ സ്ഥാനത്ത് നിലനിർത്താൻ ക്ലബ്ബ് തീരുമാനിച്ചു. സണ്ടർലൻഡിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഗ്ലാസ്നർ നടത്തിയ പരസ്യ പ്രതികരണങ്ങൾ വലിയ ചർച്ചയായിരുന്നു.
മത്സരത്തിന് തൊട്ടുമുൻപ് ക്ലബ്ബ് ക്യാപ്റ്റൻ മാർക്ക് ഗുവേഹിയെ മാഞ്ചസ്റ്റർ സിറ്റിക്ക് വിറ്റ മാനേജ്‌മെന്റ് നടപടി തന്നെ തനിച്ചാക്കിയതിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ കഴിഞ്ഞ ഞായറാഴ്ച സ്‌പോർട്ടിംഗ് ഡയറക്ടർ മാറ്റ് ഹോബ്സുമായി നടത്തിയ ചർച്ചകൾക്ക് ശേഷം നിലവിലെ തർക്കങ്ങൾക്ക് താത്കാലിക പരിഹാരമായിരിക്കുകയാണ്.
പ്രീമിയർ ലീഗിൽ തുടർച്ചയായ 10 മത്സരങ്ങളിൽ വിജയമില്ലാതെ പ്രതിസന്ധിയിലാണെങ്കിലും, യുവേഫ കോൺഫറൻസ് ലീഗിലെ പ്രതീക്ഷകളും പ്രീമിയർ ലീഗിലെ നിലനിൽപ്പും കണക്കിലെടുത്താണ് ഗ്ലാസ്നറെ നിലനിർത്താൻ ക്ലബ്ബ് തീരുമാനിച്ചത്. ജൂൺ മാസത്തോടെ താൻ ക്ലബ്ബ് വിടുമെന്ന് ഗ്ലാസ്നർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എബെറെച്ചി എസെയെ ആഴ്സണലിന് വിറ്റതും പകരക്കാരായി മികച്ച താരങ്ങളെ ടീമിലെത്തിക്കാത്തതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എങ്കിലും കഴിഞ്ഞ സീസണിലെ എഫ്എ കപ്പ് വിജയമടക്കമുള്ള നേട്ടങ്ങൾ പരിഗണിച്ച് ഗ്ലാസ്നറുടെ സേവനം ഈ സീസണിൽ നിർണ്ണായകമാണെന്ന് ക്ലബ്ബ് വിശ്വസിക്കുന്നു.
ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്ന കാര്യത്തിൽ ഗ്ലാസ്നറുമായി ചേർന്ന് ക്ലബ്ബ് ചർച്ചകൾ നടത്തുന്നുണ്ട്.









