ഐഎസ്എൽ 2025-26 സീസണിൽ തങ്ങളുടെ ഹെഡ് കോച്ചായി സ്കോട്ട്ലൻഡ് പരിശീലകൻ ഓവൻ കോയലിനെ ജംഷദ്പൂർ എഫ്സി വീണ്ടും നിയമിച്ചു. മുമ്പ് റെഡ് മൈനേഴ്സിനെ ചരിത്രപരമായ ഐഎസ്എൽ ഷീൽഡ് വിജയത്തിലേക്ക് നയിച്ച കോയലിന്റെ തിരിച്ചുവരവ് ആരാധകർ വലിയ ആവേശത്തോടെയാണ് വരവേൽക്കുന്നത്. ചെന്നൈയിൻ എഫ്സിയിലെ പരിശീലക വേഷത്തിന് ശേഷമാണ് അദ്ദേഹം തന്റെ പഴയ ക്ലബ്ബിലേക്ക് രണ്ടാം ഊഴത്തിനായി എത്തുന്നത്.
കോയൽ, 2020/21 സീസണിൽ ആറാം സ്ഥാനത്തായിരുന്ന ജംഷദ്പൂരിനെ അടുത്ത സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിച്ച് കിരീടം നേടിക്കൊടുത്തിരുന്നു. യുവ ഇന്ത്യൻ താരങ്ങളിൽ വിശ്വാസമർപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതിയും ടീമിനെ നയിക്കുന്നതിലെ മികവും ജംഷദ്പൂരിന് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.









