മാഞ്ചസ്റ്റർ ഡെർബിക്ക് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റിക്ക് ആശങ്ക. ഈ ഞായറാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായി സിറ്റിയുടെ ഈജിപ്ഷ്യൻ താരം ഒമർ മർമോഷിന് പരിക്കേറ്റു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബുർക്കിന ഫാസോയ്ക്കെതിരെ കളിക്കുമ്പോഴാണ് മർമോഷിന് കാൽമുട്ടിന് പരിക്കേറ്റത്.

മത്സരം ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ കടുത്ത ടാക്കിളിനെ തുടർന്നാണ് അദ്ദേഹത്തിന് പരിക്കേറ്റത്. മർമോഷിൻ്റെ കാൽമുട്ടിലെ ലിഗമെൻ്റിനാണ് പരിക്കേറ്റതെന്ന് ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. താരം കെയ്റോയിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ സ്കാനിംഗുകൾക്ക് വിധേയനാകുമെന്നും അവർ വ്യക്തമാക്കി. ഡെർബിക്ക് മുമ്പ് മാഞ്ചസ്റ്റർ സിറ്റിയുടെ മെഡിക്കൽ ടീമും താരത്തെ പരിശോധിക്കും.
ഈ സീസൺ പ്രീമിയർ ലീഗിൽ ഇതുവരെ സിറ്റിക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഈ പരിക്ക് അവർക്ക് വലിയ തിരിച്ചടിയാണ്. ജനുവരിയിൽ ഫ്രാങ്ക്ഫർട്ടിൽ നിന്ന് 59 മില്യൺ പൗണ്ടിന് സിറ്റിയിലെത്തിയ 26-കാരനായ മർമോഷ് 28 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ലീഗിൽ 13-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് സിറ്റി ഏറ്റുമുട്ടുന്നത്.