നീണ്ട ഏഴു മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഓഗ്ബച്ചേയുടെ ബൂട്ടുകൾ വീണ്ടും ഗർജിച്ച മത്സരത്തിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഹൈദരാബാദിന് വിജയം. ബെംഗളൂരുവിൽ വെച്ചു നടന്ന മത്സത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് വിജയം കണ്ടത്. ഒഗ്‌ബെച്ചെ, ക്യനീസെ എന്നിവർ വിജയികൾക്കായി വലകുലുക്കിയപ്പോൾ മറ്റൊരു ഗോൾ ജിങ്കന്റെ പേരിൽ സെൽഫ് ഗോൾ ആയി കുറിച്ചു. ഇതോടെ ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് കയറി. ബെംഗളൂരു എട്ടാം സ്ഥാനത്ത് തുടരുകയാണ്.
സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിന്റെ മേധാവിത്വമാണ് ആദ്യ പകുതിയിൽ കണ്ടത്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും വളരെ മികച്ച ആക്രമണ ഫുട്ബോൾ കാഴ്ച്ച വെക്കാൻ അവർക്കായി. വിങ്ങുകലിലൂടെയാനുള്ള ആക്രമണങ്ങളിലൂടെ ആയിരുന്നു മികച്ച നീക്കങ്ങൾ ബെംഗളൂരു കോർത്തെടുത്തത്. എങ്കിലും ഫിനിഷിങ്ങിലെ അഭാവം തിരിച്ചടി ആയി മാറി. ഗുർമീത് സിങ്ങിന്റെ കൈകളും ഹൈദരാബാദിന്റെ രക്ഷക്കെത്തി. മത്സരഗതിക്ക് എതിരായി ഇരുപതിയാറാം മിനിറ്റിൽ ഹൈദരാബാദിന്റെ ഗോൾ എത്തി. ബോക്സിന് പുറത്തു നിന്നും ലഭിച്ച ഫ്രീകികിൽ ഓഗബച്ചേ ഹാലിചരണ് നൽകിയ ശേഷം വീണ്ടും പാസ് തിരിച്ചു സ്വീകരിച്ച് ഞൊടിയിടയിൽ തൊടുത്ത ഷോട്ട് എതിർ താരങ്ങളെയും കീപ്പറേയും മറികടന്ന് വലയിൽ പതിച്ചു. ഗോൾ വീണെങ്കിലും തളരാതെ ബെംഗളൂരു തന്നെ ആക്രമണം തുടർന്നു. പക്ഷെ ഒരിക്കൽ കൂടി കാര്യങ്ങൾ ഹൈദരാബാദിന്റെ വഴിക്ക് നീങ്ങുന്നതായാണ് കണ്ടത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും ഓഗബച്ചേ റാഞ്ചിയയെടുത്ത ബോൾ ഇടത് വിങ്ങിൽ ഹാളിചരണിലൂടെ എത്തിയപ്പോൾ താരം നൽകിയ മികച്ചോരു ക്രോസ് ഒഗ്‌ബെച്ചെയെ കണക്കാക്കി ആയിരുന്നു. താരം ഹെഡർ ഉതിർത്തത് ജിങ്കന്റെ കാലുകളിൽ തട്ടി പോസ്റ്റിലേക്ക് കടന്നപ്പോൾ ഹൈദരാബാദ് ലീഡ് വർധിപ്പിച്ചു. നാല്പത്തിനാലാം മിനിറ്റിൽ ആണ് രണ്ടാം ഗോൾ വന്നത്.
രണ്ടാം പകുതിയിൽ ഭൂരിഭാഗവും പന്ത് ബെംഗളൂരുവിന്റെ കൈവശം ആയിരുന്നു. ആദ്യ പകുതിയിൽ എന്ന പോലെ തന്നെ നീക്കങ്ങൾ ഒന്നും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ അവർക്കായില്ല. പ്രതിരോധം ഒന്നുകൂടി ഉറപ്പിച്ച ഹൈദരാബാദ് ആവട്ടെ ബോക്സിനുള്ളിൽ എതിരാളികൾക്ക് ഒരവസരവും കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അവസാന മിനിറ്റുകളിൽ ഒരിക്കൽ കൂടി ഹൈദരാബാദ് കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടി. തൊണ്ണൂറാം മിനിറ്റിൽ വലത് വിങ്ങിലൂടെ എത്തിയ കൗണ്ടർ അറ്റാക്ക് ക്യനീസെ അനായാസം പോസ്റ്റിന് തൊട്ടു മുന്നിൽ നിന്നും വലയിൽ എത്തിച്ചു.