2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാൻ ആകാതെ നൈജീരിയ. ഞായറാഴ്ച രാത്രി റബാത്തിൽ നടന്ന മത്സരത്തിൽ ഡിആർ കോംഗോയോട് 1-1 ന് സമനില പാലിച്ച ശേഷം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് സൂപ്പർ ഈഗിൾസ് പരാജയപ്പെട്ടു. ഇതോടെ അവരുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. 2022-ലെ ഖത്തർ ലോകകപ്പിലും അവർക്ക് യോഗ്യത നേടാൻ ആയിരുന്നില്ല.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ ഫ്രാങ്ക് ഒനയേക്കയുടെ ഗോളിലൂടെ നൈജീരിയ മികച്ച തുടക്കം കുറിച്ചെങ്കിലും, മധ്യനിരയിലെ പിഴവ് മുതലെടുത്ത് ഡിആർ കോംഗോയുടെ മെച്ചക് എലിയ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സമനില ഗോൾ നേടി. മികച്ച പ്രകടനത്തിന്റെ ചില മിന്നലാട്ടങ്ങൾ ഉണ്ടായിട്ടും, സൂപ്പർ ഈഗിൾസ് രണ്ടാം പകുതിയിലും അധിക സമയത്തും ഗോൾ കണ്ടെത്താൻ വിഷമിച്ചു.
ഷൂട്ടൗട്ടിലാണ് യഥാർത്ഥ ദുരന്തം സംഭവിച്ചത്, ഡിആർ കോംഗോയുടെ പകരക്കാരനായ ഗോൾകീപ്പർ തിമോത്തി ഫയൂലു ഹീറോയായി മാറി. മോസസ് സൈമൺ, സെമി അജായി എന്നിവരുടെ നിർണായകമായ രണ്ട് പെനാൽറ്റികൾ തടഞ്ഞ് അദ്ദേഹം ടീമിനെ ഇന്റർകോണ്ടിനെന്റൽ പ്ലേഓഫിലേക്ക് കടത്തിവിട്ടു.














