നെയ്മർ ബ്രസീലിലേക്ക് തിരികെ പോകുന്നു. ബ്രസീലിയൻ ടീമായ സാന്റോസുമായി അദ്ദേഹം വാക്കാലുള്ള കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. നെയ്മറിന്റെ ബാല്യകാല ക്ലബ്ബാണ് സാന്റോസ്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാലുമായി കരാറിലേർപ്പെട്ടിരിക്കുന്ന 32 കാരനായ ബ്രസീലിയൻ സൂപ്പർ താരം ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പാണ്.
കരാർ അന്തിമമാക്കുന്നതിനുള്ള ഔപചാരിക നടപടികൾ അടുത്ത ആഴ്ച പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ പറയുന്നു.
അൽ-ഹിലാലിലെ നെയ്മറിന്റെ സമയം പരിക്കുകളാൽ പരിമിതമായിരുന്നു. 2023-ൽ 90 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസിൽ സൗദി ക്ലബ്ബിൽ ചേർന്നതിനുശേഷം, അദ്ദേഹം ഏഴ് മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളൂ. ഒരു ഗോൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു. 2023-ൽ എസിഎൽ എ സി എൽ ഇഞ്ച്വറി ആയതും തുടർന്നുള്ള ഹാംസ്ട്രിംഗ് പ്രശ്നങ്ങളും അദ്ദേഹത്തെ ഒരു വർഷത്തിൽ അധികം പുറത്തിരുത്തി.
ആദ്യ ഘട്ടത്തിൽ, 225 മത്സരങ്ങൾ സാന്റോസിനായി നെയ്മർ കളിച്ചിട്ടുണ്ട്. അവർക്ക് ആയി 136 ഗോളുകൾ അദ്ദേഹം നേടി. കോപ്പ ലിബർട്ടഡോറസ്, കോപ്പ ഡോ ബ്രസീൽ, ഒന്നിലധികം കാമ്പിയോനാറ്റോ പോളിസ്റ്റ കിരീടങ്ങൾ എന്നിവ നേടാൻ സാന്റോസിനെ സഹായിച്ചു.