2013-ൽ സാന്റോസിൽ നിന്ന് ബാഴ്‌സലോണയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ നിരപരാധിയാണെന്ന് സ്പാനിഷ് കോടതി വിധിച്ചു. വഞ്ചനയിലും അഴിമതിയിലും നെയ്മറിന് എതിരെ ഉണ്ടായിരുന്ന കേസിൽ താരം കുറ്റക്കാരനല്ലെന്ന് സ്പാനിഷ് കോടതി കണ്ടെത്തി.
ബാഴ്‌സലോണ മുൻ ക്ലബ് പ്രസിഡന്റുമാരായ ജോസഫ് മരിയ ബാർട്ടോമിയു, സാന്ദ്രോ റോസൽ, സാന്റോസ്, നെയ്മറിന്റെ പിതാവ് എന്നിവരുൾപ്പെടെ ഒമ്പത് പ്രതികളെയും വെറുതെ വിടാൻ ജഡ്ജിമാർ തീരുമാനിച്ചു, കോടതി പ്രസ്താവനയിൽ പറയുന്നു.
പ്രോസിക്യൂട്ടർമാർ നെയ്മറിന് രണ്ട് വർഷത്തെ തടവും 10 മില്യൺ ഡോളർ പിഴയും നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ആ ആവശ്യങ്ങൾ എല്ലാം അസാധുവായി. കുറ്റകൃത്യത്തിന്റെ ചെറിയ സൂചന പോലും ഇല്ലാ എന്നാണ് കോടതി പറഞ്ഞത്.
നെയ്‌മർ സാന്റോസിൽ ആയിരിക്കുമ്പോൾ അദ്ദേഹവുമായി കരാർ ആക്കിയ ബ്രസീലിയൻ നിക്ഷേപ സ്ഥാപനമായ DIS ആയിരുന്നു കേസ് ഫയൽ ചെയ്തത്.