ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ചതിന് പിന്നാലെ സൂപ്പർ താരം നെയ്മർ ജൂനിയർ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു. ബ്രസീൽ ദേശീയ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മറിന്റെ നേതൃത്വത്തിൽ ബെലോ ഹൊറിസോണ്ടെയിലായിരിക്കും ശസ്ത്രക്രിയ നടക്കുക.

ഡിസംബർ 7-ന് ക്രൂസെയ്‌റോയ്‌ക്കെതിരെ നടന്ന നിർണ്ണായക മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സാന്റോസ് വിജയിച്ചപ്പോൾ നെയ്മർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. കടുത്ത വേദന സഹിച്ചും കളിക്കാനിറങ്ങിയ താരം അവസാന നാല് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ നേടി ടീമിന്റെ നിലനിൽപ്പ് ഉറപ്പാക്കി.
താൻ ഫുട്ബോൾ പഠിച്ച വളർന്ന ക്ലബ്ബിനോടുള്ള നെയ്മറുടെ ഈ സമർപ്പണത്തെ ആരാധകർ വലിയ ആദരവോടെയാണ് കാണുന്നത്. എങ്കിലും വരാനിരിക്കുന്ന ശസ്ത്രക്രിയ 2026-ലെ ലോകകപ്പിനായുള്ള താരത്തിന്റെ തയ്യാറെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം എത്ര കാലം വിശ്രമം വേണ്ടിവരുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ബ്രസീൽ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന നെയ്മർക്ക് ഈ പരിക്ക് വലിയ വെല്ലുവിളിയാണ്.









