ഫിറ്റ്നസ് നിലനിർത്തുന്നതിൽ നെയ്മർക്ക് വീഴ്ച പറ്റിയാൽ ബ്രസീൽ ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടം ലഭിക്കില്ലെന്ന് ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി. ചിലിക്കെതിരെയും ബൊളീവിയക്കെതിരെയും നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് നെയ്മറിനെ ഒഴിവാക്കിയതിന് പിന്നാലെ ആൻസലോട്ടിയുടെ ഈ പ്രതികരണം.

കഴിഞ്ഞ കുറച്ച് കാലങ്ങളായി പരിക്കുകൾ കാരണം ബുദ്ധിമുട്ടുന്ന നെയ്മറിൻ്റെ ഫിറ്റ്നസ് ഒരു പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കോച്ച് വ്യക്തമാക്കി. പലപ്പോഴും താരത്തിൻ്റെ ഫിറ്റ്നസാണ് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താകാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
“നെയ്മർ ഫിറ്റ്നസോടെ കളിക്കുകയാണെങ്കിൽ ബ്രസീൽ ടീമിൽ എത്താൻ അദ്ദേഹത്തിന് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ല,” ആഞ്ചലോട്ടി പറഞ്ഞു. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ ശക്തമായ ഫിറ്റ്നസ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഒക്ടോബറിൽ കാൽമുട്ടിന് ഗുരുതരമായ പരിക്ക് പറ്റിയ നെയ്മർ ചികിത്സയ്ക്ക് ശേഷം സൗദി ക്ലബ് അൽ ഹിലാലിൽ നിന്ന് പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ചില മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫിറ്റ്നസ് ഇല്ലാത്തതിനാൽ പലപ്പോഴും കളിക്കളത്തിൽ നെയ്മർ പ്രയാസം അനുഭവിക്കുന്നത് കാണാനായി.