സെന്റ് ജെയിംസ് പാർക്ക്: പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ നേടി ന്യൂകാസിൽ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ (വോൾവ്സ്) 1-0 നാണ് ന്യൂകാസിൽ വിജയിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ നിക്ക് വോൾട്ടേമഡെയാണ് ന്യൂകാസിലിന്റെ വിജയശില്പി.

മത്സരത്തിന്റെ 29-ാം മിനിറ്റിൽ മർഫി നൽകിയ മികച്ച ക്രോസിൽ തലവെച്ചാണ് വോൾട്ടേമഡെ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ വോൾവ്സ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ന്യൂകാസിലിന്റെ പ്രതിരോധം അവർക്ക് മുന്നിൽ വൻമതിലായി നിന്നു. ഷാറിന്റെ മികച്ചൊരു ടാക്കിളും ന്യൂകാസിലിന്റെ രക്ഷക്കെത്തി.
തുടർച്ചയായ നാലാം തോൽവിയാണ് വോൾവ്സ് നേരിട്ടത്. 127 വർഷത്തെ അവരുടെ ലീഗ് ചരിത്രത്തിൽ ഇത് ആദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ വോൾവ്സ് പരാജയപ്പെടുന്നത്. അതേസമയം, വോൾവ്സിനെതിരെ ന്യൂകാസിലിന്റെ അപരാജിത കുതിപ്പ് എട്ട് മത്സരങ്ങളായി ഉയർന്നു. ഈ വിജയത്തോടെ പ്രീമിയർ ലീഗിൽ 100 മത്സരങ്ങളിൽ 1-0 എന്ന സ്കോറിന് വിജയിക്കുന്ന ക്ലബ്ബുകളുടെ എലൈറ്റ് ഗ്രൂപ്പിൽ ന്യൂകാസിലും ഇടം നേടി.
മത്സരത്തിലുടനീളം കടുത്ത പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ മധ്യനിരയിൽ കടുത്ത പോരാട്ടം നടന്നപ്പോൾ നിരവധി മഞ്ഞക്കാർഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. മത്സരത്തിൽ ലീഡ് നിലനിർത്താൻ ന്യൂകാസിലിനായി. അടുത്ത മത്സരത്തിൽ ബാഴ്സലോണയുമായി നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനായി തയ്യാറെടുക്കുന്ന ന്യൂകാസിലിന് ഈ വിജയം കൂടുതൽ ആത്മവിശ്വാസം നൽകും.