കേരളത്തിന്റെ ദേശീയ ലീഗ് ക്ലബായിരുന്ന വിവാ കേരളയുടെ തിരിച്ചുവരവ് ജനുവരി 14ന് സത്യമാകും. പുതിയ വിവാ കേരളയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14ന് നടക്കും. കേരളത്തിന്റെ കായിക മന്ത്രി ഇ പി ജയരാജൻ ആകും ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക.
ആദ്യം അക്കാദമിയുമായാണ് വിവാ കേരള എത്തുക. ന്യൂ വിവാ കേരള അക്കാദമി എന്ന പേരിൽ ഉള്ള അക്കാദമിയുടെ അണിയറ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അണ്ടർ 10, അണ്ടർ 13, അണ്ടർ 17 വിഭാഗങ്ങളിൽ ആയാലും അക്കാദമി ബാച്ചുകൾ ഉണ്ടാവുക. തുടക്കത്തിൽ ഇരുന്നോറോളം കുട്ടികൾ അക്കാദമിയുടെ ഭാഗമാകും. സമീപ ഭാവിയിൽ തന്നെ പ്രൊഫഷണൽ ടീമെന്ന നിലയിൽ ദേശീയ ഫുട്ബോളിലേക്കും വിവാ കേരളയെത്തും.
മുമ്പ് വിവാ കേരളയുടെ നെടുംതൂണായിരുന്ന ഫുട്ബോൾ ലോകത്തെ പ്രമുഖർ തന്നെയാണ് ഈ വിവാ കേരളയുടെ പുനർജന്മത്തിനായും മുന്നിൽ ഉള്ളത്. കണ്ണൂർ കേന്ദ്രീകരിച്ചാകും വിവാ കേരള ഇനി പ്രവർത്തിക്കുക. മുമ്പ് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കി വിവാ കേരള ഒരു വർഷം ഐലീഗ് കളിച്ചിരുന്നു.
വിവാ കേരളയുടെ പുതിയ ടെക്നിക്ക് ഡയറക്ടറായി എ എം ശ്രീധരൻ ചുമതലയേറ്റിട്ടുണ്ട്. മുൻ വിവാ കേരള മാനേജർ ആയിരുന്ന കെ പ്രശാന്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ക്ലബിനൊപ്പം ഉണ്ട്. മുൻ ഇന്ത്യം ഇന്റർനാഷണലും മുൻ വിവാ കേരള താരവുമായി എൻ പി പ്രദീപ് ആണ് ക്ലബിന്റെ ടെക്നിക്കൽ കോർഡിനേറ്റർ. കെൽട്രോണിന്റെ താരങ്ങളായിരുന്ന ദിലീഷ്, മോഹനൻ എന്നിവരാകും ടീം മാനേജർ. അംബാസിഡറായി കമന്റേറ്റർ ഷൈജു ദാമോദരനും പുതിയ വിവയ്ക്ക് ഒപ്പം ഉണ്ട്.
2012ൽ ആയിരുന്നു വിവാ കേരള പിരിച്ചുവിട്ടത്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീത്, എം പി സക്കീർ, നോർത്ത് ഈസ്റ്റ് താരം രെഹ്നേഷ് തുടങ്ങി ഒരുപാട് മലയാളി ഫുട്ബോൾ താരങ്ങളുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ക്ലബായിരുന്നു വിവാ കേരള. ഒരു മികച്ച പ്രൊഫഷണൽ ക്ലബ് എന്ന കണ്ണൂരിന്റെ കാത്തിരിപ്പ് അവസാനിക്കാനും വിവാ കേരളയുടെ തിരിച്ചുവരവ് സഹായിക്കും