യുഫേഫ നേഷൻസ് ലീഗിൽ പൂൾ ബിയിൽ ഗ്രൂപ്പ് ബിയിൽ നിർണായക ജയവുമായി സ്കോട്ട്ലൻഡ്. കരുത്തർ ആയ ചെക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് സ്കോട്ട്ലൻഡ് മറികടന്നത്. മത്സരത്തിൽ 69 ശതമാനം സമയവും പന്ത് കൈവശം വച്ച് നിരവധി അവസരങ്ങൾ തുറന്ന ചെക് ടീമിനെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് താരം റയാൻ ഫ്രേസറിന്റെ ഏക ഗോളിന് ആണ് സ്കോട്ട്ലൻഡ് വീഴ്ത്തിയത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ മികച്ച കളിയിലൂടെ ലിന്റൻ ഡൈക്ക്സിന്റെ പാസിൽ നിന്നാണ് ഫ്രേസർ ഗോൾ കണ്ടത്തിയത്.
അതേസമയം ഇതേ ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ ഇസ്രായേൽ സ്ലോവാക്യയെ രണ്ടിന് എതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. ഹാമിഷിക്, മാക് എന്നിവരുടെ ഗോളുകൾക്ക് ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ആയിരുന്നു ഇസ്രായേൽ ജയം കണ്ടത്. രണ്ടാം പകുതിയിൽ 68, 76, 89 മിനിറ്റുകളിൽ ഗോൾ കണ്ടത്തി ഹാട്രിക് നേടിയ ഇറാൻ സഹാവിയാണ് ഇസ്രായേലിന് ആവേശകരമായ ജയം സമ്മാനിച്ചത്. നിലവിൽ ഗ്രൂപ്പിൽ സ്കോട്ട്ലൻഡ് ഒന്നാമതും ചെക് റിപ്പബ്ലിക് രണ്ടാം സ്ഥാനത്തും ആണ്.