മെക്സിക്കോയുടെ പുതിയ പരിശീലകൻ ജെറാർഡോ മാർടീനോയ്ക്ക് സ്വപ്ന തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. അമേരിക്കയിൽ അറ്റ്ലാന്റയെ ചാമ്പ്യന്മാരാക്കിയ ശേഷം മെക്സിക്കോ ദേശീയ ടീമിന്റെ ചുമതലയേറ്റ മാർടീനോ ഇന്ന് തന്റെ രണ്ടാമത്തെ മത്സരവും വിജയിച്ചു. പരാഗ്വേയെ നേരിട്ട മെക്സിക്കോ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്.
ആദ്യ 24മിനുട്ടിനിടെ നേടിയ മൂന്നു ഗോളുകൾ തന്നെ മെക്സിക്കോ വിജയത്തിലേക്ക് പോവുകയാണെന്ന് ഉറപ്പിച്ചിരുന്നു. ഡോ സാന്റോസ്, ചിചാരിറ്റോ എന്നിവരുടെ ഗോളുകൾക്ക് ഒപ്പം ഒരു സെൽഫ് ഗോളും പിറന്നതാണ് തുടക്കത്തിൽ തന്നെ 3-0ന് മുന്നിൽ എത്താൻ മെക്സിക്കോയെ സഹായിച്ചത്. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ മടക്കാ പരാഗ്വേയ്ക്ക് കഴിഞ്ഞു എങ്കിലും മോന്റെസിന്റെ ഗോൾ മെക്സിക്കോയ്ക്ക് 4-2ന്റെ ജയം ഉറപ്പിച്ചു കൊടുത്തു.
മാർടിനോയുടെ കീഴിൽ രണ്ട് മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ മെക്സികോ അടിച്ചു. കഴിഞ്ഞ മത്സരത്തിൽ ചിലിയെ 3-1നും മെക്സിക്കോ തോൽപ്പിച്ചിരുന്നു.