എമ്പപ്പെ ശ്രമം നടന്നില്ല, ഈ സീസണിലെ ഗോൾഡൻ ഷൂ മെസ്സിക്ക്!!

യൂറോപ്യൻ ലീഗുകളിലെ ഗോളടിക്കുള്ള ഗോൾഡൻ ഷൂ മെസ്സി തന്നെ സ്വന്തമാക്കി. ഇന്ന് ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തിൽ എമ്പപ്പെയ്ക്ക് ഒരു ഗോൾ മാത്രമേ നേടാനായുള്ളൂ. അതാണ് മെസ്സിയുടെ ഗോൾഡൻ ഷൂ ഉറപ്പിച്ചത്. എമ്പപ്പെയ്ക്ക് ഇന്നത്തെ ഗോളോടെ ലീഗിലെ ഗോൾ നേട്ടം 33ൽ എത്തിക്കാനേ ആയുള്ളൂ. ലാലിഗയിൽ 36 ഗോളുകൾ നേടിയ മെസ്സി ഇതോടെ ഗോൾഡൻ ഷൂവിന് അർഹനായി.

യൂറോപ്പിലെ ടോപ് 5 ലീഗുകളിലെയും ടോപ് സ്കോറർ ആയി ഫിനിഷ് ചെയ്യുന്ന താരത്തിനാണ് ഗോൾഡൻ ഷൂ ലഭിക്കുക. എമ്പപ്പെ മാത്രമായിരുന്നു മെസ്സിക്ക് വെല്ലുവിളി ആയി ഉണ്ടായിരുന്നത്. ലാലിഗ, പ്രീമിയർ ലീഗ്, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് എന്നിവ ഇന്നത്തോടെ അവസാനിച്ചു. ഇറ്റാലിയൻ ലീഗ് മാത്രമാണ് ഇനി ബാക്കി. അവിടെ ആണെങ്കിൽ ടോപ്പ് സ്കോറർക്ക് ഒരു മത്സരം ശേഷിക്കെ 26 ഗോളുകൾ മാത്രമേ ഉള്ളൂ. അതു കൊണ്ട് തന്നെ മെസ്സിയെ മറികടക്കില്ല എന്ന് ഉറപ്പാണ്.

മെസ്സിയുടെ ആറാം ഗോൾഡൻ ഷൂ പുരസ്കാരമാണിത്. അവസാന മൂന്ന് സീസണിലും മെസ്സി തന്നെയാണ് ഗോൾഡൻ ഷൂ സ്വന്തമാക്കിയത്.