ലയണൽ മെസ്സിയുടെ സ്വകാര്യ അംഗരക്ഷകനായ യാസിൻ ച്യൂക്കോയെ ഇന്റർ മയാമി മത്സരങ്ങൾക്കിടെ ടച്ച്‌ലൈനിൽ വന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കി. മേജർ ലീഗ് സോക്കർ (എംഎൽഎസ്) മത്സരങ്ങളിലെ സുരക്ഷയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ ലീഗ് അധികൃതർ തന്നെ തീരുമാനിച്ചു. മെസ്സിയുടെ ബോഡിഗാഡിന് ഇനി ലോക്കർ റൂമിലും മിക്സഡ് സോണിലും മാത്രമെ മെസ്സിയെ അനുഗമിക്കാൻ ആവുകയുള്ളൂ.

മുൻ നേവി ഉദ്യോഗസ്ഥൻ ആയിരുന്ന ച്യൂക്കോ, മെസ്സിയെ ഗ്രൗണ്ടിൽ സംരക്ഷിക്കുന്നതിലൂടെ അവസാന വർഷങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അർജന്റീനിയൻ താരത്തെ സമീപിക്കാൻ ശ്രമിക്കുന്ന പിച്ച് കയ്യേറുന്നവരെ പലപ്പോഴും തടയാൻ അദ്ദേഹത്തിനായി. യൂറോപ്പിലെ തന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎസിലെ പിച്ച് അധിനിവേശങ്ങളുടെ എണ്ണം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ലീഗിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു.