മൊറോക്കോയ്ക്ക് എതിരായി ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കാത്തതിനാൽ അർജന്റീനയ്ക്ക് നഷ്ടം. മെസ്സി കളിക്കാത്തതിനാൽ അർജന്റീനയ്ക്ക് നൽകേണ്ടി ഇരുന്ന തുകയിൽ നിന്ന് മൂന്ന് കോടിയിലധികം രൂപ കുറയ്ക്കാൻ മൊറോക്കോ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. വെനിസ്വേലയ്ക്ക് എതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റു എന്ന കാരണത്താൽ മെസ്സി അർജന്റീന ക്യാമ്പ് വിട്ടിരുന്നു. മത്സര ശേഷം മെസ്സിക്ക് വേദന അനുഭവപ്പെട്ടു എന്നാണ് അർജന്റീന അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ മൊറോക്കോയ്ക്ക് എതിരെ മെസ്സികളിക്കില്ല എന്നും അർജന്റീന പറഞ്ഞിരുന്നു.
എന്നാൽ പരിക്ക് പ്രശ്നമല്ല എന്നും അടുത്ത മത്സരത്തിൽ ബാഴ്സലോണക്കായി മെസ്സി കളിക്കുമെന്ന് വാർത്തകൾ വരികയും ചെയ്തു. ഇങ്ങനെ വാർത്ത വന്നതിനാൽ, പരിക്ക് എന്നത് മെസ്സിക്ക് വിശ്രമം നൽകാൻ ഉള്ള ഒരു കാരണം മാത്രമാണ് എന്ന നിഗമനത്തിൽ മൊറോക്കോ എത്തി. കരാർ പ്രകാരം മൊറോക്കോയ്ക്ക് മെസ്സി 70 മിനുട്ട് എങ്കിലും കളിക്കണം എന്നായിരുന്നു. എന്നാൽ മെസ്സി കളിക്കാൻ വരികയേ ചെയ്തില്ല എന്നതിനാൽ അർജന്റീനയ്ക്ക് നൽകേണ്ട തുകയിൽ നിന്ന് 450000 യൂറോ കുറക്കാനാണ് മൊറോക്കോ തീരുമാനിച്ചത്. മൂന്നരക്കോടിയോളം ഇന്ത്യൻ രൂപ വരും ഇത്.