ലോക ചാമ്പ്യന്മാരായ അർജന്റീന ഓസ്ട്രേലിയയെ തോൽപ്പിച്ചു. ഇന്ന് ബീജിങിൽ നടന്ന സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിട്ട അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ലോകകപ്പ് വിജയത്തിലെ പ്രധാനികൾ ഭൂരിഭാഗവും അണിനിരന്ന മത്സരത്തിൽ, വെറും സെക്കൻഡുകൾ മാത്രമേ ആദ്യ ഗോൾ കണ്ടെത്താൻ അർജന്റീനക്ക് വേണ്ടി വന്നുള്ളൂ. 90 സെക്കൻഡിൽ നിൽക്കെ എൻസോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഡ്രിബിൾ ചെയ്തു മുന്നേറിയ മെസ്സിയുടെ ഷോട്ട് വലയ്ക്ക് അകത്ത്.
പെനാൾട്ടി ബോക്സിനു പുറത്ത് നിന്ന് തൊടുത്ത ഈ ഷോട്ട് കണ്ട് ആസ്വാദിക്കാനെ എതിരാളികൾക്ക് പോലും ആയുള്ളൂ. മെസ്സിയുട അർജന്റീനക്ക് ആയുള്ള 103ആം ഗോളായിരുന്നു ഇത്. ഈ ഗോൾ മുതൽ കളി അർജന്റീനയുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഓസ്ട്രേലിയക്ക് കാര്യമായി എമി മാർട്ടിനസിനെ പരീക്ഷിക്കാൻ പോലും ആയില്ല.
രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ പസെല്ലയുടെ ഗോൾ അർജന്റീനയുടെ വിജയം ഉറപ്പിച്ചു. ഡി പോൾ ആയിരുന്നു അസിസ്റ്റ് നൽകിയത്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോ അർജന്റീനക്കായി അരങ്ങേറ്റം നടത്തി. ഇനി അർജന്റീന ജൂൺ 19ന് ഇന്തോനേഷ്യയെ നേരിടും.