ലോകകപ്പ് നേടിയതിന് ശേഷം ആദ്യമായി അർജന്റീനയും അർജന്റീന ജേഴ്സിയിൽ മെസ്സിയും ഇന്ന് ഇറങ്ങും. പനാമയെ ആണ് സൗഹൃദ മത്സരത്തിൽ അർജന്റീന ഇന്ന് നേരിടുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാകും മത്സരം നടക്കുക. 80,000-ത്തിലധികം ആളുകൾ മത്സരം കാണാൻ ആയി ഇന്ന് സ്റ്റേഡിയത്തിൽ ഉണ്ടാകും.
ഇന്ന് ലയണൽ മെസ്സി ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് സ്കലോണി സൂചന നൽകിയിട്ടുണ്ട്. മെസ്സി പൂർണ്ണ ഫിറ്റ്നസിൽ ആണ് എന്നും സ്കലോണി പറഞ്ഞു. ഇന്ന് ലയണൽ മെസ്സിക്ക് തന്റെ കരിയറിലെ രണ്ട് വലിയ നാഴികക്കല്ലുകൾ പിന്നിടാം. തന്റെ പ്രൊഫഷണൽ കരിയറിൽ 800 ഗോളുകൾ എന്ന നേട്ടത്തിൽ എത്താൻ മെസ്സിക്ക് ഇനി ഒരു ഗോൾ കൂടി മതി. തന്റെ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ 828 ഗോളുമായി ഇപ്പോൾ മെസ്സിക്ക് മുന്നിൽ ഉണ്ട്.
ഇത് കൂടാതെ ഇന്ന് രണ്ടു ഗോളുകൾ നേടിയാൽ അർജന്റീന ദേശീയ ടീമിനായി 100 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിൽ എത്താനും മെസ്സിക്ക് ആകും. മെസ്സിക്ക് ഇപ്പോൾ തന്റെ പേരിൽ 98 ഗോളുകൾ ഉണ്ട്. ഇതുവരെ രണ്ടു താരങ്ങൾ മാത്രമെ അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോളുജൾ നേടിയിട്ടുള്ളൂ. 109 ഗോൾ നേടിയ അലി ദേയും 118 ഗോളുകൾ നേടിയ റൊണാൾഡോയും ആണ് മെസ്സിക്ക് മുന്നിൽ ഉള്ളത്.