പുതുവർഷത്തിലേക്ക് ലോകം ചുവടു വെച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഫുട്ബോൾ ലോകം നോക്കിയാലും കായിക ലോകം ആകെ നോക്കിയാലും ഏറ്റവും സന്തോഷവനായ കായിക താരം ലയണൽ മെസ്സി ആകും. മെസ്സി പി എസ് ജിയിൽ എത്തിയതിനു ശേഷം കുറച്ച് കാലം താളം കണ്ടെത്താൻ ഇത്തിരി വിഷമിച്ചിരുന്നു. ആ വിഷമങ്ങൾക്ക് എല്ലാം മെസ്സി പരിഹാരം കണ്ടെത്തിയ വർഷമായി 2022 മാറി. മെസ്സിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പും അദ്ദേഹം ഈ കഴിഞ്ഞ വർഷം നേടി.
51 മത്സരങ്ങൾ ആണ് മെസ്സി 2022ൽ കളിച്ചത്. ആകെ 35 ഗോളുകൾ നേടാൻ മെസ്സിക്ക് ആയി. 30 അസിസ്റ്റും മെസ്സി 2022ൽ സംഭാവന ചെയ്തു. 2022ൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം ലയണൽ മെസ്സി തന്നെയാണ്. തന്റെ ഈ പ്രായത്തിലും ഫുട്ബോൾ ലോകത്തിന്റെ തലപ്പ്ത്ത് ഇരിക്കാൻ മെസ്സിക്ക് ആകുന്നതും ഈ മികവ് കൊണ്ടാണ്.
ഫ്രഞ്ച് ലീഗ് ഉൾപ്പെടെ പി എസ് ജിക്ക് ഒപ്പം രണ്ട് കിരീടങ്ങൾ മെസ്സി കഴിഞ്ഞ വർഷം നേടി. അർജന്റീനക്ക് ഒപ്പവും 2022ൽ രണ്ട് കിരീടങ്ങൾ മെസ്സി നേടുകയുണ്ടായി. ആദ്യം ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമ കിരീടം മെസ്സി നേടി. അന്ന് മെസ്സി ആയിരുന്നു കളിയിലെ മികച്ച താരം. പിന്നെ ഡിസംബറിൽ ഖത്തറിൽ വെച്ച് ലോക കിരീടവും മെസ്സി ഉയർത്തി. ഇരട്ട ഗോളുകളുമായി ഫൈനലിൽ മെസ്സി തന്നെ ഹീറോ. ലോകകപ്പിൽ 7 ഗോളുകൾ നേടി ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കി. ഇനി 2023ൽ പി എസ് ജിക്ക് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം എന്നതാകും മെസ്സിയുടെ ലക്ഷ്യം. ഒപ്പം ഒരു ബാലൻ ഡി ഓർ കൂടെ മെസ്സിയിലേക്ക് എത്തുന്ന വർഷമായും 2023 മാറും.