ബ്രയാൻ എംബ്യൂമോ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി. താരത്തിന്റെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി പൂർത്തിയാക്കി. 71 മില്യൺ പൗണ്ടിന്റെ കരാറിൽ ആണ് താരം എത്തുന്നത്. കരാറിൽ 65 മില്യൺ പൗണ്ടിന്റെ നിശ്ചിത തുകയും കൂടാതെ പ്രകടനത്തെ അടിസ്ഥാനമാക്കി 6 മില്യൺ പൗണ്ടും ഉൾപ്പെടുന്നു. നാല് ഘട്ടങ്ങളായിട്ടാണ് തുക നൽകുക.

2031വരെ നീണ്ടു നിൽക്കുന്ന കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 20 ഗോളുകളും 8 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ച എംബ്യൂമോ, യൂറോപ്പിലെ ഏറ്റവും ആവശ്യക്കാരുള്ള വിംഗർമാരിൽ ഒരാളായിരുന്നു. പ്രധാനമായും വലത് വിങ്ങിൽ കളിക്കുന്ന താരം, മുന്നേറ്റ നിരയിൽ എവിടെയും കളിക്കാൻ കഴിവുള്ളവനാണ്.
അമോറിന്റെ സിസ്റ്റത്തിന് അനുയോജ്യമായ രീതിയിൽ കളിക്കുന്ന താരമാണ് എംബ്യൂമോ. ന്യൂകാസിൽ, ടോട്ടൻഹാം തുടങ്ങിയ ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും, എംബ്യൂമോ ഓൾഡ് ട്രാഫോർഡിലേക്കുള്ള നീക്കത്തിന് മുൻഗണന നൽകുകയായിരുന്നു.
നേരത്തെ മാത്യൂസ് കുഞ്ഞ്യ, ഡീഗോ ലിയോൺ എന്നിവരെയും യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു. ഇനി ഒരു സ്ട്രൈക്കർ, മിഡ്ഫീൽഡർ, ഒരുഗോൾ കീപ്പർ എന്നിവരെ കൂടെ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്.