ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിൽ നിന്ന് വൻ തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി പുറത്ത്. ഇന്ന് മാഡ്രിഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഇതോടെ 6-3ന്റെ അഗ്രഗേറ്റ് സ്കോറിൽ റയൽ പ്രീക്വാർട്ടാറിലേക്ക് മുന്നേറി.

കിലിയൻ എംബപ്പെയുടെ ഹാട്രിക്ക് ആണ് റയൽ മാഡ്രിഡിന് കരുത്തായത്. ഇന്ന് നാലാം മിനുറ്റിൽ തന്നെ എംബപ്പെ തന്റെ ഗോൾ വേട്ട ആരംഭിച്ചു. റൗൾ അസെൻസിയോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആദ്യ ഗോൾ.
33ആം മിനുറ്റിൽ റോഡ്രിഗോ നൽകിയ പാസ് സ്വീകരിച്ച് എംബപ്പെ ലീഡ് ഇരട്ടിയാക്കി. 61ആം മിനുറ്റിൽ എംബപ്പെ ഹാട്രിക്കും പൂർത്തിയാക്കി. ഈ ഹാട്രിക്കോടെ എംബപ്പെ ഈ സീസണിൽ 28 ഗോൾ സ്കോർ ചെയ്തു. അവസാനം നികോ ഗോൺസാലസിലൂടെ സിറ്റി ഒരു ഗോൾ മടക്കി എങ്കിലും സമയം ഏറെ വൈകിയിരുന്നു.