മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ആന്റണി മാർഷ്യൽ അവസാനം ഫ്രാൻസ് ഫുട്ബോൾ ടീമിലേക്ക് തിരിച്ചെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി മാർഷ്യൽ പുറത്തെടുക്കുന്ന അത്ഭുത ഫോം കാണാതിരിക്കാൻ ഇനിയും കഴിയില്ല എന്ന് ഡെഷാംസ് തീരുമാനിക്കുകയായിരുന്നു. അടുത്ത ആഴ്ച ഹോളണ്ടിനെതിരെയും ഉറുഗ്വേക്ക് എതിരെയും നടക്കുന്ന മത്സരത്തിലേക്കാണ് മാർഷ്യലിനെയും ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഏറ്റവും നല്ല ഫുട്ബോൾ കാഴ്ചവെക്കുന്ന താരമാണ് മാർഷ്യൽ. സീസൺ വളരെ മോശം രീതിയിൽ തുടങ്ങിയ മാഞ്ചസ്റ്ററിനെ കൈപിടിച്ച് ഉയർത്തിയത് തന്നെ മാർഷ്യൽ ആണെന്ന് പറയാം. അവസാന നാലു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകൾ മാർഷ്യൽ നേടിയിട്ടുണ്ട്. മാർഷ്യൽ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ടോപ്പ് സ്കോററും.
അവസാനമായി കഴിഞ്ഞ മാർചിലാണ് മാർഷ്യൽ ഫ്രാൻസിനായി കളിച്ചത്. ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ ഈ യുവതാരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനു മുമ്പ് 18 മത്സരങ്ങളിൽ മാർഷ്യൽ ഫ്രാൻസിനായി കളിച്ചിട്ടുണ്ട്. മാർഷ്യൽ മൗറീനോക്ക് കീഴിൽ വളരെ നന്നായി കളിക്കുന്നുണ്ട് എന്നും അതാണ് ടീമിലേക്ക് തിരികെ വിളിക്കാൻ കാരണം എന്നും ഫ്രഞ്ച് പരിശീലകൻ ദെഷാംസ് പറഞ്ഞു.