അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ സീസണിലെ അവസാന ലാ ലിഗ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡിനെയും ലിവർപൂളിൻ്റെ ലൂയിസ് ഡയസിനെയും “അതിശയകരമായ കളിക്കാർ” എന്ന് വിശേഷിപ്പിച്ച് ബാഴ്സലോണയുടെ മുഖ്യ പരിശീലകൻ ഹാൻസി ഫ്ലിക്ക്. ഇരു പ്രീമിയർ ലീഗ് താരങ്ങളെയും സ്പാനിഷ് ചാമ്പ്യൻമാർ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.

നേരത്തെ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോ ഈ രണ്ട് വിംഗർമാരിലും താൽപ്പര്യമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഫ്ലിക്ക് അതിനോട് യോജിച്ചു: “സാധാരണയായി എൻ്റെ ടീമിലില്ലാത്ത കളിക്കാരെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ തീർച്ചയായും അവർ രണ്ടുപേരും മികച്ച കളിക്കാർ തന്നെയാണ്… എനിക്കിഷ്ടമാണ്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം.” ഫ്ലിക്ക് പറഞ്ഞു.
നിലവിൽ ലിവർപൂളിൻ്റെ പ്രധാന കളിക്കാരനായ ലൂയിസ് ഡയസിന് ഏകദേശം 80 മില്യൺ യൂറോയോളം ട്രാൻസ്ഫർ തുക പ്രതീക്ഷിക്കാം – സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഇത് ഉയർന്ന വിലയാണ്. അതേസമയം, മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അത്ര മികച്ച ഫോമിലല്ല. 2024-25 സീസണിൻ്റെ രണ്ടാം പകുതിയിൽ അദ്ദേഹം ലോണിൽ ആസ്റ്റൺ വില്ലയിൽ കളിച്ചു. ട്രാൻസ്ഫർ തുക കുറവായതിനാൽ അദ്ദേഹത്തെ എളുപ്പത്തിൽ ടീമിൽ എത്തിക്കാൻ ആയേക്കും.
റാഫിഞ്ഞ 2028 വരെ കരാർ പുതുക്കുകയും ഈ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടും, ബാഴ്സലോണ ഒരു പുതിയ ലെഫ്റ്റ് വിംഗ് ഓപ്ഷനായി സജീവമായി തിരയുന്നുണ്ട്.