ഡീഗോ മറഡോണയുടെ വിടവാങ്ങലിന് ശേഷമുള്ള ആദ്യ ലോകകപ്പ് കഴിഞ്ഞ വർഷാവസാനം ഖത്തറിൽ നടന്നപ്പോൾ കിരീടം ഉയർത്തി കൊണ്ട് അർജന്റീന മറഡോണയുടെ ഓർമ്മകളെ വീണ്ടും ഞങ്ങളിലേക്ക് എത്തിച്ചു. 1986ൽ മറഡോണയുടെ അർജന്റീന ലോകകപ്പ് നേടിയ ശേഷം അർജന്റീമയുടെ ആദ്യ ലോകകപ്പ് ആയിരുന്നു അത്. മറഡോണ മറ്റൊരു ലോകത്ത് നിന്ന് അർജന്റീനയെ അനുഗ്രഹിച്ച് കിരീടത്തിലേക്ക് നയിച്ചത് പോലെ അന്ന് തോന്നി. ഇപ്പോൾ നാപോളിയും കിരീടം ചൂടുമ്പോൾ മറഡോണ മറ്റൊരു ലോകത്ത് നിന്ന് അഭിമാനം കൊള്ളുന്നുണ്ടാകും.
ഇറ്റലിയിൽ, നാപ്പോളി സീരി എ കിരീടത്തിനായുള്ള 32 വർഷത്തെ കാത്തിരിപ്പിന് ആണ് വിരാമമിട്ടത്. ഒരു സീസൺ മുമ്പ് ഹോം ഗ്രൗണ്ട് മറഡോണയുടെ പേരിലാക്കിയ നാപോളിക്ക് ഇത് മൂന്നാം സീരി എ കിരീടമാണ്. 1986ലും 1990ലും സീസണിലും മറഡോണ ആയിരുന്നു നാപോളിയെ കിരീടത്തിലേക്ക് നയിച്ചത്. അതിനു ശേഷം അർജന്റീന ലോകകപ്പിനായി കാത്തിരുന്നത് പോലെ നാപോളി ഒരു ലീഗ് കിരീടത്തിനായി കാത്തിർക്കുകയാണ്. ഈ രണ്ട് സുവർണ്ണ നേട്ടങ്ങളും കാണാൻ മറഡോണ ഈ ലോകത്ത് ഇല്ല എന്നത് മാത്രമാകും ഫുട്ബോൾ ആരാധകർക്ക് സങ്കടം നൽകുന്നത്.