മൊറയൂർ: അരിമ്പ്ര ജി.വി.എച്ച്.എസ്.സ്കൂൾ മൈതാനത്ത് മിഷൻ സോക്കർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മെനി ഗോൾസ് വിത്ത് എ ബോൾ എന്ന പേരിൽ സമ്മർ വെക്കേഷൻ സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. നൂറ് കുട്ടികൾക്കാണ് മിഷൻ സോക്കർ അക്കാദമി സൗജന്യമായി ഫുട്ബോൾ പരിശീലനം നൽകുന്നത്.
സ്കൂൾ ഹെഡ്മിസ്ട്രസ് എം.വിലാസിനി ടീച്ചർ കുട്ടികൾക്ക് പന്ത് കൈമാറി ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു. മുൻ സന്തോഷ് ട്രോഫി കേരളാ ടീം മാനേജറും സതേൺ റയിൽ താരവുമായിരുന്ന പി. ശങ്കരനും, മലപ്പുറം ജില്ലാ ഫുട്ബോൾ ടീം മുൻ കോച്ച് സി.പി.എം ഉമ്മർ കോയയും മുഖ്യാതിഥികളായി. മുൻ മലപ്പുറം ജില്ലാ വോളിബോൾ ടീം ക്യാപ്റ്റൻ കെ.എം.അബ്ദുല്ലത്തീഫിനെയും മുൻകാല താരങ്ങളായ എൻ. മോനുദ്ദീൻ മാസ്റ്ററെയും, പൂക്കോേട്ടൂർ കൃഷ്ണൻ കുട്ടിയെയും ചടങ്ങിൽ ആദരിച്ചു.
മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റർ,സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.എ.റഷീദ് പ്രിൻസിപ്പൽ ഷാർലറ്റ് പത്മം, ഐ.എച്ച്.എം.എ ഭാരവാഹികളായ ഡോക്ടർ അൻവർ,ഡോക്ടർ ഷർജാൻ അഹമ്മദ്,കായികാധ്യാപകരായ എസ്.സന്ദീപ്, കെ.ഉനൈസ് അക്കാദമി ഭാരവാഹികളായ എം. അസ്ലം ഖാൻ, എൻ.കെ.ഇബ്രാഹിം, പി.അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു.