മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സ്റ്റേഡിയം പണിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 100,000 ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ സ്റ്റേഡിയം നിർമിക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതിയിടുന്നത് എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള 100,000 ശേഷിയുള്ള സ്റ്റേഡിയം നിർമ്മിക്കാൻ ആണ് യുണൈറ്റഡ് മാനേജ്‌മെന്റ് നടത്തിയ പഠന ഫലം ശുപാർശ ചെയ്യുന്നത്. നാളെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും.

ഒരു പുത്തൻ സ്റ്റേഡിയം പണിയണോ അതോ ചരിത്രപ്രസിദ്ധമായ ഓൾഡ് ട്രാഫോഡ് സ്റ്റേഡിയം പുതുക്കി പണിയണോ എന്നതിൽ ആയിരുന്നു യുണൈറ്റഡ് പഠനം നടത്തിയത്. പുനർവികസനത്തിനേക്കാൾ നല്ലത് പുതിയ സ്റ്റേഡിയം എന്ന് ക്ലബ് നിഗമനത്തിൽ എത്തുക ആയിരുന്നു.
ക്ലബ്ബിൻ്റെ പുതിയ ഉടമകളായ ഇനിയോസ് ഗ്രൂപ്പിൻ്റെ മേൽനോട്ടത്തിൽ ആണ് ഈ വലിയ ചുവടുകൾ വെക്കുന്നത്. നേരത്തെ യുണൈറ്റഡിന്റെ ട്രെയിനിംഗ് ഗ്രൗണ്ടായ കാരിങ്ടൺ നവീകരിക്കാനും ക്ലബ് തീരുമാനിച്ചിരുന്നു. അതിന്റെ പണികൾ അന്തിമ ഘട്ടത്തിൽ ആണ്.
ഇപ്പോഴുള്ള ഓൾഡ്ട്രാഫോർഡ് സ്റ്റേഡിയത്തിന് സമീപം തന്നെയാകും പുതിയ സ്റ്റേഡിയം വരിക. ക്ലബിന്റെ ഉടമസ്ഥതയിൽ തന്നെ ഇതിനായി സ്ഥലം ഉണ്ട്. പുതിയ സ്റ്റേഡിയം പണി കഴിയുന്നത് വരെ ഇപ്പോഴുള്ള സ്റ്റേഡിയത്തിൽ യുണൈറ്റഡിന് കളിക്കാൻ ആകും.