പ്രീമിയർ ലീഗിൽ സ്വന്തം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാടകീയ തിരിച്ചുവരവ്. ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ സൗതാമ്പ്ടണോട് ഒരു ഗോളിന് പിറകിൽ പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ച് 3-1ന്റെ ജയം നേടി. അമദ് ദിയാലോയുടെ ഹാട്രിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നൽകിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ദയനീയ പ്രകടനമാണ് ആദ്യ പകുതിയിൽ നടത്തിയത്. അവസാന 2 മത്സരങ്ങളിൽ കണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിനെ അല്ല ഇന്ന് കണ്ടത്. ലീഗിലെ അവസാന സ്ഥാനക്കാരായ സതാമ്പ്ടൺ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെള്ളം കുടുപ്പിച്ചു.
ഒനാനയുടെ 4 സേവുകൾ ക്ലി ഗോൾ രഹിതമായി നിർത്തി എങ്കിലും അധിക നേരം ഈ സമനില തുടർന്നില്ല. 43ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഉഗാർതെയുടെ സെൽഫ് ഗോൾ സതാമ്പ്ടണ് ലീഡ് നൽകി.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് പിറകിൽ നിന്നു. രണ്ടാം പകുതിയിൽ അവർ ആന്റണിയെയും സിർക്സിയെയും കളത്തിൽ എത്തിച്ചു. 82ആം മിനുറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമങ്ങൾ ഫലം കണ്ടു. അമദ് ദിയാലോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തി.
യുണൈറ്റഡ് പിന്നെ വിജയ ഗോളിനായുള്ള ശ്രമങ്ങൾ ആയി. വീണ്ടും അമദ് ദിയാലോ തന്നെ യുണൈറ്റഡിന്റെ രക്ഷകനായി. 90ആം മിനുറ്റിൽ അമദ് തന്നെ വിജയ ഗോളും നേടി. എറിക്സന്റെ മനോഹരമായ ഡിങ്ക് പാസ് ഒരു ഡൈവിംഗ് ഫിനിഷിലൂടെയാണ് അമദ് വലയിൽ എത്തിച്ചത്. സ്കോർ 2-1.
അമദ് നിർത്തിയില്ല. 94ആം മിനുട്ടിൽ സതാമ്പ്ടൺ ഡിഫൻസിൽ നിന്ന് പന്ത് തട്ടിയെടുത്ത് അമദ് ഹാട്രിക്ക് പൂർത്തിയാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവും.
21 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 26 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് 12ആം സ്ഥാനത്താണ്. അവസാന സ്ഥാനക്കാരായ സതാമ്പ്ടൺ 6 പോയിന്റിൽ നിൽക്കുന്നു.