മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ ആരു വിജയിച്ചു എന്ന് ഈ ആഴ്ച അറിയാം. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ആഴ്ച ഗ്ലേസേഴ്സ് ആർക്കാണ് ക്ലബ് വിൽക്കുന്നത് എന്ന് പ്രഖ്യാപിക്കും. ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയുടെ ഖത്തർ ഗ്രൂപ്പും റാറ്റ്ക്ലിഫിന്റെ ഇനിയോസ് ഗ്രൂപ്പും ആണ് യുണൈറ്റഡിനായി ബിഡ് ചെയ്തിരിക്കുന്നത്.
ഖത്തർ ഗ്രൂപ്പ് അവസാന ബിഡ് കഴിഞ്ഞ ആഴ്ച സമർപ്പിച്ചിരുന്നു. ഈ ഓഫർ അംഗീകരിച്ചിട്ടില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഖത്തർ ഗ്രൂപ്പ് പിന്മാറും എന്ന് പറഞ്ഞിരുന്നു. 7 ബില്യണോളം ആണ് ഖത്തർ ഗ്രൂപ്പിന്റെ ബിഡ് എന്നാണ് റിപ്പോർട്ടുകൾ. പി എസ് ജി ക്ലബ് ഉടമകളും ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയുടെ ബിഡിനെ സഹായിക്കുന്നുണ്ട്.
റാറ്റ്ക്ലിഫിന്റെ ബിഡ് ഗ്ലേസേഴ്സ് അംഗീകരിക്കും എന്ന വാർത്തകൾ പരക്കുന്നുണ്ട് എങ്കിലും അവസാന ഫലം ഖത്തറിന് അനുകൂലമാകും എന്ന വാർത്തകളും ഇപ്പ്പ്പ്ല് വരുന്നു. റാറ്റ്ക്ലിഫിനെ വെച്ച് ഖത്തർ ഗ്രൂപ്പിൽ നിന്ന് കൂടുതൽ പണം വാങ്ങാൻ ആണ് ഇതുവരെ ഗ്ലേസേഴ്സ് ശ്രമിച്ചത് എന്നും 7 ബില്യണ് അടുത്തുള്ള ഖത്തർ ബിഡ് അവർ സ്വീകരിക്കും എന്നും ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്.
കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഖത്തറിന്റെ ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്. ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.
ഗ്ലേസേഴ്സ് റാറ്റ്ക്ലിഫിന്റെ ബിഡ് സ്വീകരിക്കുന്നു എങ്കിൽ അതിനർത്ഥം ഗ്ലേസേഴ്സ് ഇനിയും രണ്ട് വർഷം കൂടെ ക്ലബിൽ തുടരുമെന്ന് ഉറപ്പിക്കും. ഒപ്പം 20% ഓഹരി ഗ്ലേസേഴ്സിന്റെ കയ്യിൽ നിൽക്കുകയും ചെയ്യും. എന്തു തന്നെ ആയാലും ടേക്ക് ഓവറിൽ ഒരു വിധി വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ വിൻഡോക്ക് അത് ഊർജ്ജം നൽകും.