മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ദയനീയ പ്രകടനങ്ങൾ തുടരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വോൾവ്സിനോട് പരാജയപ്പെട്ടു. വോൾവ്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളിനാണ് വോൾവ്സ് വിജയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടത് കളിയിൽ നിർണായകമായി.
ഇന്നും റാഷ്ഫോർഡിനെ സ്ക്വാഡിൽ നിന്ന് പുറത്താക്കിയാണ് അമോറിം ടീമിനെ ഇറക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ ഒരു നല്ല അറ്റാക്കിംഗ് നീക്കം പോലും നടത്തിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തു പോയി. ബ്രൂണോ ഈ സീസണിൽ ഇത് മൂന്നാം തവണയാണ് ചുവപ്പ് കാർഡ് വാങ്ങുന്നത്.
ഇതിനു പിന്നാലെ ഒരു കോർണർ നേരിട്ട് വലയിൽ എത്തിച്ച് മാത്യുസ് ക്യൂന്യ വോൾവ്സിന് ലീഡ് നൽകി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം അറ്റാക്കിംഗ് മാറ്റങ്ങൾ നടത്തി എങ്കിലും അവർക്ക് കളിയിലേക്ക് തിരികെ വരാൻ ആയില്ല. അവസാനം ഹീചാൻ ഹ്യൂങ് വോൾവ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.
22 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഇപ്പോൾ പതിനാലാം സ്ഥാനത്താണ്. വോൾവ്സിന് ആകട്ടെ ഇത് സീസണിലെ മൂന്നാം വിജയം മാത്രമാണ്.