മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ സൈനിംഗുകൾ നടത്തിയിട്ടും കാര്യങ്ങൾ മാറിയില്ല. ഇന്ന് ഓൾഡ്ട്രാഫോർഡിൽ അവരുടെ ഏറ്റവും വലിയ വൈരികളായ ലിവർപൂളിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് നാണംകെട്ടു. എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയമാണ് ഇന്ന് സ്വന്തം കാണികളുടെ മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്.
ഇന്ന് ഓൾഡ് ട്രാഫോർഡിൽ ലിവർപൂൾ ആണ് മികച്ച രീതിയിൽ തുടങ്ങിയത്. ഏഴാം മിനുട്ടിൽ തന്നെ വല കണ്ടെത്താൻ അവർക്ക് ആയി. എന്നാൽ അലക്സാണ്ടർ അർനോൾഡ് നേടിയ ആ ഗോൾ ഓഫ് സൈഡ് ആയതിനാൽ വാർ നിഷേധിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നറിയിപ്പിൽ നിന്ന് പഠിച്ചില്ല.
35ആം മിനുട്ടിൽ കസെമിറോയുടെ ഒരു മിസ് പാസ് മുതലെടുത്ത് ലിവർപൂൾ ആദ്യ ഗോൾ നേടി. സലായുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ലൂയിസ് ഡിയസാണ് ഈ ഗോൾ നേടിയത്. അധികം വൈകാതെ ആദ്യ പകുതി അവസാനിക്കും മുമ്പ് ഇതേ കൂട്ടുകെട്ട് ലിവർപൂളിന്റെ രണ്ടാം ഗോളും നേടി. സലായുടെ രണ്ടാം അസിസ്റ്റ് ഡിയസിന്റെ രണ്ടാം ഗോൾ. ഈ ഗോളും കസെമിറോ ബോൾ നഷ്ടപ്പെടുത്തിയതിൽ നിന്നാണ് പിറന്നത്.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കസെമിറോയെ മാറ്റി എങ്കിലും കാര്യങ്ങൾ മാറിയില്ല. 56ആം മിനുറ്റിൽ മൊ സലായുടെ ഗോളിൽ ലിവർപൂൾ ലീഡ് മൂന്നാക്കി ഉയർത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം ചില മാറ്റങ്ങൾ വരുത്തി നോക്കി എങ്കിലും ഫലം ഉണ്ടായില്ല.
മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 3 പോയിന്റിൽ നിൽക്കുകയാണ്. ഇത് അവരുടെ തുടർച്ചയായ രണ്ടാം പരാജയമാണ്. ലിവർപൂൾ 3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റിൽ നിൽക്കുകയാണ്.