റൂബൻ അമോറിമിനു കീഴിലുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ. ഇന്ന് എവേ ഗ്രൗണ്ടിൽ ഇപ്സിചിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനിലയിലാണ് കളി അവസാനിപ്പിച്ചത്.
ഇന്ന് മികച്ച രീതിയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയത്. കളി ആരംഭിച്ച് 81 സെക്കൻഡുകൾക്ക് അകം മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി. റൈറ്റ് വിങ്ബാക്കായി ഇന്ന് ഇറങ്ങിയ അമദ് ദിയാലോ വലതുവിങ്ങിലൂടെ നടത്തിയ കുതിപ്പ് ഇപ്സിച് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. അമദ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റാഷ്ഫോർഡ് പന്ത് വലയിൽ എത്തിച്ചു.
ഈ തുടക്കത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താളം നഷ്ടപ്പെട്ടു. ഇപ്സിച് അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഒനാനയുടെ മികച്ച സേവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പലപ്പോഴും രക്ഷിച്ചു എങ്കിലും 43ആം മിനുട്ടിൽ ഇപ്സിച് സമനില കണ്ടെത്തി. ഹച്ചിൻസൺ ഒരു കേർവിംഗ് ഷോട്ടിലൂറെ വല കണ്ടെത്തി. സ്കോർ 1-1.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പല മാറ്റങ്ങളും വരുത്തി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. പക്ഷെ ഗോൾ കണ്ടെത്താൻ യുണൈറ്റഡിന് ആയില്ല.
ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 16 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്.