മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഇന്ന് 2 ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് സമനില നേടി. ഇന്ന് എവർട്ടണെ ഗുഡിസൻ പാർക്കിൽ വെച്ച് നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 2-2ന്റെ സമനില ആണ് വഴങ്ങിയത്.

ഇന്നും തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു അറ്റാക്കിങ് നീക്കം നടത്താൻ പാടുപെട്ടു. എവർട്ടൺ ആകട്ടെ ഡേവിഡ് മോയ്സ് പരിശീലകനായി എത്തിയ ശേഷമുള്ള അവരുടെ മികച്ച ഫോം തുടർന്നു. 19ആം മിനുറ്റിൽ ഒരു കോർണറിൽ നിന്ന് ബെറ്റോ എവർട്ടണ് ലീഡ് നൽകി.
അധികം വൈകാതെ 33ആം മിനുറ്റിൽ ഡൊകൂറെയിലൂടെ എവർട്ടൺ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 72ആം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീകിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗോളും പ്രതീക്ഷയും നൽകി.
മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ ചിദോ ഒബിയെ കളത്തിൽ എത്തിച്ചു. 80ആം മിനുറ്റിൽ ഉഗാർതെയുടെ ഗംഭീര സ്ട്രൈക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒപ്പം എത്തിച്ചു. സ്കോർ 2-2. ഉഗാർതെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളായി ഇത്.
ഇഞ്ച്വറി ടൈമിൽ എവർട്ടണ് അനുകൂലമായി ഒരു പെനാൽട്ടി വിധിക്കപ്പെട്ടു എങ്കിലും വാർ ആ പെനാൾട്ടി നിഷേധിച്ചു.
ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 30 പോയിന്റുമായി 15ആം സ്ഥാനത്ത് നിൽക്കുന്നു. എവർട്ടൺ 31 പോയിന്റുമായി 12ആം സ്ഥാനത്തും നിൽക്കുന്നു.