ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വൻ ടീമുകളുടെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും സമനിലയിൽ പിരിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളുടെയും ആക്രമണ നിര അത്ര മികവിൽ ആയിരുന്നില്ല കളിച്ചത്. 1-1 എന്ന നിലയിൽ മത്സരം അവസാനിച്ചു.
ഇന്ന് ഒപ്പത്തിനൊപ്പം ഇരു ടീമുകളും നിന്ന മത്സരമാണ് തുടക്കം മുതൽ കാണാൻ ആയത്. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമുകൾക്കും ആയില്ല. ആദ്യ പകുതിയിൽ അവസാന മിനുട്ടിൽ റാഷ്ഫോർഡിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതായിരുന്നു ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം.
രണ്ടാം പകുതിയിലും കളി ടൈറ്റ് ആയി തുടർന്നു. മത്സരത്തിൽ 70ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായ പെനാൾറ്റി വന്നു. റാസ്മസ് ഹൊയ്ലുണ്ടിനെ ചെൽസി കീപ്പർ സാഞ്ചസ് വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി ലഭിച്ചത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി.
ഇതിനു ശേഷം ചെൽസി ചില മാറ്റങ്ങൾ വരുത്തി ആക്രമണത്തിന്റെ മൂർച്ച കൂട്ടി. 74ആം മിനുട്ടിൽ കൈസേദോയുടെ ഒരു ഗംഭീര സ്ട്രൈക്ക് ചെൽസിക്ക് സമനില നൽകി. ഒരു വോളിയിലൂടെ ആയിരുന്നു കൈസേദോയുടെ ഗോൾ. സ്കോർ 1-1.
ഇരു ടീമുകളും വിജയ ഗോളിനായി ശ്രമങ്ങൾ തുടർന്നു എങ്കിലും വിജയ ഗോൾ ഇരു ടീമിൽ നിന്നും വന്നില്ല. ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 12 പോയിന്റുമായി 13ആം സ്ഥാനത്തും 18 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തും നിൽക്കുന്നു.