ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയും ബോണ്മതും തമ്മിൽ ഒരു വൻ ത്രില്ലർ തന്നെയാണ് നടന്നത് എന്ന് പറയാം. എട്ട് ഗോളുകൾ പിറന്ന മത്സരം 4-4 എന്ന സമനിലയിലാണ് കലാശിച്ചത്.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൃഷ്ടിച്ചത്. 13ആം മിനുറ്റിൽ തന്നെ യുണൈറ്റഡ് മുന്നിൽ എത്തി. ഡാലോട്ടിന്റെ ക്രോസിൽ നിന്ന് അമദ് ദിയാലോ ആണ് ഗോൾ നേടിയത്. എന്നാൽ ഈ ഗോളിന് ശേഷം ലഭിച്ച അഞ്ചോളം നല്ല അവസരങ്ങൾ ഗോളാക്കി മാറ്റാൻ യുണൈറ്റഡിനായില്ല.
ഇത് യുണൈറ്റഡിന് തിരിച്ചടിയായി. 40ആം മിനുറ്റിൽ ലൂക് ഷോയുടെ ഒരു അബദ്ധം മുതലാക്കി സെമന്യോ ബോർണ്മതിന് സമനില നൽകി. ഈ ഗോളിനോട് നന്നായി പ്രതികരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ലീഡ് തിരികെ നേടി. ബ്രൂണോയുടെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ കസമെറോ ആണ് യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതി 2-1ന് അവസാനിപ്പിക്കാൻ യുണൈറ്റഡിനായി.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. കളി പുനരാരംഭിച്ച് 38 സെക്കൻഡിനുള്ളിൽ എവാനിൽസണിലൂടെ ബോണ്മത് സമനില നേടി. 52ആം മിനുറ്റിൽ ഒരു ഫ്രീകിക്കിലൂടെ ടവേർനിയർ കൂടെ ഗോൾ കണ്ടെത്തിയതോടെ സന്ദർശകർ 3-2ന് മുന്നിൽ എത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെസ്കോയെയും മൈനുവിനെയും ഇറക്കി അറ്റാക്ക് ശക്തിപ്പെടുത്താൻ നോക്കി. 77ആം മിനുറ്റിൽ യുണൈറ്റഡിന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് സമനില നൽകി. 3-3.
തൊട്ടടുത്ത മിനുറ്റിൽ കുഞ്ഞ്യയുടെ ഗോളിൽ യുണൈറ്റഡ് ലീഡും എടുത്തു. 4-3. പക്ഷെ കളി അവിടെയും അവസാനിച്ചില്ല. 85ആം മിനുറ്റിൽ ബോണ്മത് വീണ്ടും തിരിച്ചടിച്ചു. ക്രൗപിയിലൂടെ ആണ് ബോൺമ്മത് സമനില ഗോൾ കണ്ടെത്തിയത്.
ഇതിനു ശേഷം ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു. ലമെൻസിന്റെ ഒരു സേവ് 95ആം മിനുറ്റിൽ യുണൈറ്റഡിനെ രക്ഷിച്ചു. അവസാന നിമിഷങ്ങളിൽ ബോണ്മത് ഗോളിയെ പരീക്ഷിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഈ സമനിലയോടെ യുണൈറ്റഡ് ലീഗിൽ 26 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.









