ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും മോശം ഫോമിൽ. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാണം കെടുന്നതാണ് കണ്ടത്. അവർ ബോണ്മതിനോട് എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി.
റുബൻ അമോറിമിന്റെ ടീമിന് ഇന്ന് തുടക്കം മുതൽ താളം കണ്ടെത്താൻ ആയില്ല. അവരുടെ അറ്റാക്കിലെ പരിമിതികൾ അവരെ തുടർച്ചയായി വേട്ടയാടി. 29ആം മിനുട്ടിൽ ഡീൻ ഹ്യൂസനിലൂടെ ആയിരുന്നു ബോണ്മതിന്റെ ആദ്യ ഗോൾ. ആദ്യ പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും രണ്ടും ലക്ഷ്യത്തിൽ എത്തിയില്ല.
രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ പെനാൾറ്റിയിലൂടെ ബോണ്മത് രണ്ടാം ഗോൾ കണ്ടെത്തി. ക്ലുയിവർട് ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു. 2 മിനുട്ടിനു ശേഷം സെമന്യോയുടെ ഫിനിഷിലൂടെ ബോണ്മത് മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു.
വിജയത്തോടെ ബോണ്മത് ലീഗിൽ 28 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് 22 പോയിന്റുമായി 13ആം സ്ഥാനത്ത് നിൽക്കുകയാണ്.