ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്സിച് ടൗണിനെ പരാജയപ്പെടുത്തി. ഓൾഡ്ട്രാഫോർഡിൽ നടന്ന സംഭവബഹുലമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. രണ്ടാം പകുതി പൂർണ്ണമായും 10 പേരുമായി കളിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.

ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനുറ്റിൽ തന്നെ ഇപ്സിച് ലീഡ് എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ ഒരു അബദ്ധം ജേഡൻ ഫിലോഗിന് അവസരം നൽകി. താരം ഒഴിഞ്ഞ വലയിൽ പന്ത് എത്തിച്ച് അവർക്ക് ലീഡ് നൽകി.
മാഞ്ചസ്റ്റർ യുണൈറ്റഡ് അധികം വൈകാതെ തിരിച്ചടിച്ചു. 22ആം മിനുറ്റിൽ സെൽഫ് ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടി. പിന്നാലെ 26ആം മിനുറ്റിൽ ഡിലിറ്റിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡും എടുത്തു. ഈ രണ്ട് ഗോളുകളും ബ്രൂണോ ഫെർണാണ്ടസ് എടുത്ത സെറ്റ് പീസിൽ നിന്നായിരുന്നു വന്നത്.
കളി യുണൈറ്റഡിന്റെ നിയന്ത്രണത്തിൽ ഇരിക്കെ 43ആം മിനുട്ടിൽ ഡോർഗു ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. ഇതോടെ ഇപ്സിചിന് തിരികെവരാൻ ആയി. ആദ്യ പകുതി അവസാനിക്കും മുമ്പ് അവർ വീണ്ടും വല കണ്ടെത്തി. സ്കോർ 2-2.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൂണോയുടെ മറ്റൊരു സെറ്റ് പീസ് യുണൈറ്റഡിന് ലീഡ് തിരികെ നൽകി. ബ്രൂണോയുടെ കോർണറിൽ നിന്ന് മഗ്വയർ ആണ് യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടിയത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 33 പോയിന്റുമായി 14ആം സ്ഥാനത്ത് നിൽക്കുകയാണ്.