ബയേൺ മ്യൂണിക്കിന്റെ ക്യാപ്റ്റൻ മാനുവൽ ന്യൂയറിന് തിരിച്ചടി. പരിക്ക് മാറി വരുകയായിരുന്ന ന്യൂയറിന് പുതിയ പരിക്കേറ്റതിനാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ലഭ്യത സംശയത്തിലായിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ബയേൺ ലെവർകുസനെതിരെ നേടിയ ഗോൾ ആഘോഷിക്കുന്നതിനിടെ ആയിരുന്നു ന്യൂയറിന് ആദ്യം പരിക്കേറ്റത്.

മാർച്ച് 29-ന് സെന്റ് പോളിയുമായുള്ള ബയേണിന്റെ ബുണ്ടസ്ലിഗ പോരാട്ടത്തിനും ഏപ്രിലിൽ ഇന്റർ മിലാനുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കും 33കാരനായ ന്യൂയർ ഉണ്ടായേക്കില്ല. ബയേണിന്റെ ബാക്കപ്പ് ഗോൾകീപ്പർ ജോനാസ് ഉർബിഗും കാലിന് പരിക്കേറ്റതിനാൽ ക്ലബ്ബ് സ്വെൻ ഉൾറിച്ചിനെയോ ഡാനിയൽ പെരെറ്റ്സിനെയോ ഈ മത്സരങ്ങളിൽ ആശ്രയിക്കേണ്ടി വരും.
സീസണിൽ എട്ട് മത്സരങ്ങൾ ബാക്കി നിൽക്കെ, ബയേൺ മ്യൂണിക്ക് നിലവിൽ ബുണ്ടസ്ലിഗ പട്ടികയിൽ ആറ് പോയിന്റുകൾക്ക് മുന്നിലാണ്.