ഇത്തിഹാദ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി 4-0ന്റെ ഏകപക്ഷീയ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒമർ മാർമൂഷ് നേടിയ ഹാട്രിക് ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് കരുത്തായത്. ജനുവരിയിൽ സിറ്റിയിൽ ചേർന്ന ഈജിപ്ഷ്യൻ ഫോർവേഡ്, 14 മിനിറ്റിനുള്ളിൽ ആണ് മൂന്ന് ഗോളുകൾ നേടിയത്.

19-ാം മിനിറ്റിൽ ഗോൾകീപ്പർ എഡേഴ്‌സൺ തൊടുത്ത ഒരു ലോംഗ് ബോളിൽ നിന്നായിരുന്നു മാർമൂഷിന്റെ ആദ്യ ഗോൾ.
വെറും അഞ്ച് മിനിറ്റിനുശേഷം, മാർമൂഷ് ലീഡ് ഇരട്ടിയാക്കി. മധ്യനിരയിൽ നിന്ന് മുന്നേറി വന്ന ഇൽകെ ഗുണ്ടോഗൻ ബോക്സിന്റെ അരികിൽ വെച്ച് ഈജിപ്ഷ്യൻ താരത്തിന് നൽകിയ പാസ് മാർമൂഷ് ഗോളിലേക്ക് തൊടുത്തു. ഡുബ്രാവ്കയെ തന്റെ നിയർ പോസ്റ്റിൽ കീഴ്പ്പെടുത്തി കൊണ്ട് സ്കോർ 2-0 എന്നായി.
33-ാം മിനിറ്റിൽ അദ്ദേഹം ഹാട്രിക് പൂർത്തിയാക്കി. സാവിഞ്ഞോയുടെ അസിസ്റ്റിൽ നിന്നായിരുന്നു മർമൂഷിന്റെ ഈ ഗോൾ. സ്കോർ 3-0. രണ്ടാം പകുതിയിൽ യുവതാരം മാക്റ്റീ കൂടെ ഗോൾ നേടിയതോടെ സിറ്റി വിജയം പൂർത്തിയാക്കി.
ഈ ഫലത്തോടെ, മാഞ്ചസ്റ്റർ സിറ്റി 44 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് നീങ്ങി. ന്യൂകാസിൽ 41 പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.