ബയേൺ മ്യൂണിക്കിനെ തോൽപ്പിക്കുക എന്ന ഹാളണ്ടിന്റെ വലിയ മോഹം അവസാനം സഫലമായി. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കറായ എർലിംഗ് ഹാളണ്ട് ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബയേണെ തോൽപ്പിക്കുകയും സിറ്റിയുടെ ഈ വിജയത്തിൽ വലിയ പങ്കുവഹിക്കുകയും ചെയ്തിരുന്നു. തന്റെ ടീമിന്റെ 3-0 വിജയത്തിൽ ഒരു മിന്നുന്ന ഗോളും ഒരു അസിസ്റ്റും ഹാളണ്ട് നേടി. ബയേൺ മ്യൂണിക്കിനെതിരായ ഏഴ് മത്സരങ്ങളുടെ തോൽവി പരമ്പരക്ക് ആണ് ഇതോടെ ഹാളണ്ട് അവസാനമിട്ടത്.
ബൊറൂസിയ ഡോർട്ട്മുണ്ടിൽ കളിക്കവെ ഏഴു തവണ ഹാളണ്ട് ബയേണെ നേരിട്ടിരുന്നു. ആ ഏഴു മത്സരങ്ങളിലും ഡോർട്മുണ്ട് പരാജയപ്പെടുകയും ചെയ്തിരുന്നു. ക്ലബ്ബിനായുള്ള തന്റെ അരങ്ങേറ്റ കാമ്പെയ്‌നിൽ അവിശ്വസനീയമായ ഫോമിൽ ഉള്ള ഹാളണ്ടിന് ഇരട്ടി സന്തോഷമാകും ഇന്നലത്തെ വിജയം. ഇന്നലത്തെ ഗോളോടെ ഒരു ഈ സീസണിൽ 45 ഗോളുകൾ നേടി ഹാളണ്ട് ഇംഗ്ലണ്ടിൽ ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.
ബയേൺ മ്യൂണിക്കിനെതിരായ ഈ തകർപ്പൻ വിജയത്തോടെ, ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലേക്ക് മുന്നേറുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.