ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ തോൽപ്പിച്ചു. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആയിരുന്നു സിറ്റിയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് സിറ്റി ജയിച്ചത്. അവസാന 11 മത്സരങ്ങളിൽ ചെൽസിക്ക് സിറ്റിയെ തോൽപ്പിക്കാൻ ആയിട്ടില്ല.
ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുറ്റിൽ തന്നെ ചെൽസി ലീഡ് എടുത്തു. സിറ്റിയുടെ പുതിയ സൈനിംഗ് ഖുസ്നോവിന്റെ ഒരു പിഴവ് മുതലെടുത്ത് മദുവേകയിലൂടെ ചെൽസി ലീഡ് എടുക്കുക ആയിരുന്നു. തുടക്കത്തിലെ ഈ തിരിച്ചടിയിൽ നിന്ന് പതിയെ സിറ്റി കരകയറി.
ആദ്യ പകുതി അവസാനിക്കുന്നതിന് 3 മിനുറ്റ് മുമ്പ് ഗ്വാർഡിയോളയിലൂടെ സിറ്റി സമനില പിടിച്ചു. രണ്ടാം പകുതിയിൽ ചെൽസി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു എങ്കിലും ഗോൾ കീപ്പർ സാഞ്ചസിന്റെ പിഴവിന് ചെൽസി വലിയ വില കൊടുക്കേണ്ടി വന്നു. 68ആം മിനുറ്റിൽ ഹാളണ്ട് എഡേഴ്സണെ കാഴ്ചക്കാരനാക്കി സിറ്റിക്ക് ലീഡ് നൽകി. സ്കോർ 2-1
88ആം മിനുറ്റിലെ ഫിൽ ഫോഡന്റെ ഗോൾ സിറ്റിയുടെ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 41 പോയിന്റുമായി നാലമത് എത്തി. 40 പോയിന്റുമായി ചെൽസി ആറാമതാണ്.