തുർക്കിഷ് ക്ലബായ ട്രബ്സോൺസ്‌പോർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രെ ഒനാനയെ സ്വന്തമാക്കുന്നു. ഒരു സീസൺ ലോൺ അടിസ്ഥാനത്തിൽ താരത്തെ ടീമിൽ എത്തിക്കാൻ തുർക്കിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇരു ക്ലബുകളും തമ്മിലുള്ള ധാരണയിലെത്തിയതായും, ഇനി ഒനാനയുടെ അംഗീകാരം മാത്രമാണ് ആവശ്യമുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റോയൽ ആന്റ്‌വെർപ്പിൽ നിന്ന് യുവ ഗോൾകീപ്പർ സെൻ ലാമൻസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്തിടെ സൈൻ ചെയ്തതോടെ ഒനാനയുടെ അവസരങ്ങൾ കുറയുമെന്ന് ഉറപ്പായിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒനാന ഇതുവരെ കളിച്ചിട്ടില്ല. കൂടാതെ ഒരു തവണ മാത്രം കളിച്ച കരാബാവോ കപ്പിൽ താരത്തിന് പിഴവുകൾ സംഭവിച്ചിരുന്നു. തുർക്കിഷ് ട്രാൻസ്ഫർ ജാലകം സെപ്റ്റംബർ 12 വരെ തുറന്നിരിക്കുന്നതിനാൽ ഇടപാട് പൂർത്തിയാക്കാൻ ട്രബ്സോൺസ്‌പോറിന് കുറച്ച് ദിവസങ്ങൾ കൂടിയുണ്ട്.
2023-ൽ ഇന്റർ മിലാനിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ 29-കാരനായ ഒനാനയെ, ക്ലബിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായാണ് പരിഗണിച്ചിരുന്നത്. എന്നാൽ, പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ ക്ലബിന്റെ പദ്ധതികളിലുണ്ടായ മാറ്റങ്ങളും തുടർച്ചയായ പിഴവുകളും കാരണം ഒനാനക്ക് തന്റെ സ്ഥാനം നഷ്ടമായി. പകരം ഇപ്പോൾ അൽതായ് ബായിന്ദിറിനാണ് യുണൈറ്റഡിന്റെ ഗോൾ പോസ്റ്റ് കാക്കുന്നതിന്റെ ചുമതല. വേനൽക്കാലത്ത് തങ്ങളുടെ ക്യാപ്റ്റൻ ഉഗുർകാൻ ചാക്കിറിനെ വിറ്റ ട്രബ്സോൺസ്‌പോർ, ഒനാനയെ പുതിയ ഗോൾകീപ്പറായി കൊണ്ടുവരാൻ താൽപര്യപ്പെടുന്നുണ്ട്.